ന്യൂഡല്‍ഹി: രാജ്യത്ത് മാരകമായ നിലയിലേക്ക് പോകുന്ന മലിനീകരണം തടയാൻ ഇന്ത്യാ ഗവൺമെന്റ് എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. മാത്രല്ല, ഏപ്രിൽ ഒന്നു മുതല്‍ പുതിയ നിയമം പ്രാബല്യത്തിലാകും.
പുതിയ നിയമം ഏറ്റവും ബാധകമാകുന്നത് പഴയ വാഹന ഉടമകൾക്കായിരിക്കും. റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2022 ഏപ്രിൽ 1 മുതൽ 15 വർഷം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നത് 8 മടങ്ങ് ചെലവേറിയതായിരിക്കും. ഇരുചക്ര വാഹനങ്ങളും നാല് ചക്ര വാഹനങ്ങളും പുതിയ നിയമത്തിന്റെ പരിധിയിൽ വരും. അത്തരമൊരു സാഹചര്യത്തിൽ, വാഹന ഉടമകൾക്ക് ഫിറ്റ്നസ് ടെസ്റ്റിന് വിധേയരാകേണ്ടത് നിർബന്ധമാണ്. കൂടാതെ, വാഹനത്തിന്റെ രജിസ്ട്രേഷൻ പുതുക്കുന്നതിന് കൂടുതൽ പണം നൽകേണ്ടിവരും.
15 വർഷം പഴക്കമുള്ള കാറിന്റെ രജിസ്ട്രേഷൻ പുതുക്കാൻ നേരത്തെ 600 രൂപ ഈടാക്കിയിരുന്നെങ്കിൽ ഇനി 5000 രൂപ നല്‍കേണ്ടി വരും. പഴയ ബൈക്കിന് നേരത്തെ 300 രൂപ ഈടാക്കിയിരുന്നത് പുതിയ നിയമ പ്രകാരം 1000 രൂപയായി ഉയർത്തി. കൂടാതെ, 15 വർഷം പഴക്കമുള്ള ട്രക്ക് ബസ് എന്നീ വാഹനങ്ങൾക്ക് 1,500 രൂപയായിരുന്നത് പുതുക്കിയ നിരക്കനുസരിച്ച് 12,500 രൂപയാകും. അതേസമയം ചെറിയ യാത്രാ വാഹനങ്ങൾ പുതുക്കുന്നതിന് നിലവില്‍ 1300 രൂപയായിരുന്നുവെങ്കിൽ ഇനി 10,000 രൂപ നല്‍കേണ്ടി വരും. എല്ലാ സ്വകാര്യ, വാണിജ്യ വാഹനങ്ങളുടെയും വിൻഡ്ഷീൽഡിൽ ഫിറ്റ്നസ് സ്റ്റിക്കര്‍ ഡിസ്പ്ലേ നിർബന്ധമാക്കി.
ഈ ഫിറ്റ്നസ് സ്റ്റിക്കറില്‍ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് വിവരങ്ങളും, ഫിറ്റ്നസിന്റെ കാലഹരണ തീയതിയും വ്യക്തമായി എഴുതിയിരിക്കും. നീല സ്റ്റിക്കറിൽ മഞ്ഞ നിറത്തിൽ വാഹനത്തിന്റെ ഫിറ്റ്നസ് കാലാവധി എഴുതിയിരിക്കും. തീയതി-മാസം-വർഷം (DD-MM-YY) ഈ ഫോർമാറ്റിലായിരിക്കും അത്.
കൂടാതെ, റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം പുതിയ നിയമത്തിന്റെ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ഒരു മാസത്തേക്ക് പൊതുജനങ്ങളിൽ നിന്നും ബന്ധപ്പെട്ടവരിൽ നിന്നും നിർദ്ദേശങ്ങൾ തേടിയിട്ടുണ്ട്. അതിനുശേഷം സർക്കാർ ഈ നിയമം നടപ്പിലാക്കും. മറുവശത്ത്, ഈ നിയമം ലംഘിക്കുന്ന വാഹന ഉടമകൾക്ക് കനത്ത പിഴ ചുമത്താനും സർക്കാർ വ്യവസ്ഥ ചെയ്യുന്നു.