യെമനില്‍ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി സഹായിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി സഹായിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. നിമിഷ പ്രിയക്കു അപ്പീല്‍ നല്‍കാനുള്ള സൗകര്യം സര്‍ക്കാര്‍ നല്‍കും. ഇതിനായി എംബസിയെ സഹായിക്കും. ദയാധന ചര്‍ച്ചകള്‍ക്കായി ഇന്ത്യക്കാര്‍ക്ക് യെമനില്‍ യാത്രാനുമതി നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.ഡല്‍ഹി ഹൈക്കോടതിയില്‍ ജസ്റ്റീസ് യശ്വന്ത് വര്‍മയുടെ ബെഞ്ചിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. സേവ് നിമിഷ പ്രയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017-ല്‍ കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് സ്വദേശി നിമിഷ പ്രിയക്കു വധശിക്ഷ വിധിച്ചത്. വധശിക്ഷയില്‍ ഇളവു ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ പ്രിയ നല്‍കിയ ഹര്‍ജി യെമനിലെ അപ്പീല്‍ കോടതി തള്ളിയിരുന്നു. അപ്പീല്‍ കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ നിമിഷ പ്രിയക്ക് അവകാശമുണ്ട്.

ഇതിനുള്ള സഹായം നല്‍കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ തര്‍ജ്ജിമ ചെയ്യുന്നതിന് ഉള്‍പ്പെടെയുള്ള സഹായം സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും കേന്ദ്രത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് 2016 മുതല്‍ യെമനിലേക്ക് സഞ്ചരിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ നിമിഷ പ്രിയയുടെ ബന്ധുക്കള്‍ക്കോ, അവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന സംഘടനകളിലെ അംഗങ്ങള്‍ക്കോ യെമനിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല.

 

 

Print Friendly, PDF & Email

Leave a Comment

More News