ന്യൂഡല്‍ഹി: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് നടപടികള്‍ പാലിച്ചാണെന്ന് വാര്‍ത്താവിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍ പാര്‍ലമെന്റില്‍ രേഖാമൂലം അറിയിച്ചു. ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. സുരക്ഷാ അനുമതി നല്‍കണമെന്ന് ആഭ്യന്തരമന്ത്രാലയത്തെ നിര്‍ബന്ധിക്കാനാവില്ല. രാജ്യത്തിന്റെ സുരക്ഷയിലും പരമാധികാരത്തിലും വിട്ടുവീഴ്ചയില്ലെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
സംപ്രേഷണ വിലക്കിനെതിരെയി മീഡിയവണ്‍ ചാനലിന്റെ ഹര്‍ജി ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. സംപ്രേഷണം തടഞ്ഞ നടപടി ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി ചോദ്യം ചെയ്താണ് മീഡിയവണ്‍ മാനേജ്‌മെന്റും എഡിറ്റര്‍ പ്രമോദ് രാമനും പത്രപ്രവര്‍ത്തക യൂണിയനും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
സംപ്രേഷണം വിലക്കിയ നടപടിയില്‍ ഇടക്കാല ഉത്തരവ് വേണമെന്ന മീഡിയവണിന്റെ ആവശ്യത്തില്‍ കോടതി വിശദമായ വാദം കേള്‍ക്കും. ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മീഡിയവണിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോഹ്തഗിയും ദുഷ്യന്ത് ദവെയുമാണ് ഹാജരാകുന്നത്.