കൊച്ചി: കാര്‍ അപകടത്തില്‍ മുന്‍ മിസ് കേരള ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് അടക്കം എട്ട് പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കാര്‍ ഓടിച്ച തൃശ്ശൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാന്‍ ആണ് ഒന്നാം പ്രതി. സൈജു തങ്കച്ചന്‍ രണ്ടാം പ്രതിയും റോയ് വയലാട്ട് മൂന്നാം പ്രതിയുമാണ്. ഇവരെ സൈജു തങ്കച്ചന്‍ കാറില്‍ പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
ഹോട്ടലിലെ ജീവനക്കാരായ വിഷണു, മെല്‍വിന്‍, ലിന്‍സന്‍, ഷിജു ലാല്‍, അനില്‍ എന്നിവരാണ് മറ്റ് പ്രതികള്‍. നമ്പര്‍ 18 ഹോട്ടലിലെ ഡിവിആര്‍ നശിപ്പിക്കുന്നതിന് റോയ് വയലാട്ടിനെ സഹായിച്ചതാണ് മറ്റ് പ്രതികള്‍ക്കെതിരായ കുറ്റം. കേസില്‍ ഒന്നാം പ്രതിയായ അബ്ദുള്‍ റഹ്മാനെ മാപ്പ് സാക്ഷിയാക്കാനും അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. കേരളപ്പിറവി ദിനത്തില്‍ മോഡലും മുന്‍ മിസ് കേരള കിരീട ജേതാവുമായ അന്‍സി കബീര്‍, റണ്ണറപ്പ് അഞ്ജന ഷാജന്‍, ഇവരുടെ സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവരാണ് വാഹനാപകടത്തില്‍ മരിച്ചത്.
കൊല്ലം സ്വദേശിയും നിരവധി കേസിലെ പ്രതിയുമായ സൈജു തങ്കച്ചന്‍ മറ്റ് പ്രതികളുടെ താത്പര്യപ്രകാരം മോഡലുകളെ കാറില്‍ പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമായത്. സൈജുവും ഹോട്ടല്‍ ഉടമ റോയ് വയലാട്ടും മോഡലുകളെ ഉപദ്രവിക്കണമെന്ന ചിന്തയോടെ അബ്ദുള്‍ റഹ്‌മാനെ അടക്കം സമീപിച്ചിരുന്നു. ഇതിനായി ഇവര്‍ക്ക് അമതിമായ മദ്യം നല്‍കുകയും ചെയ്തു.