കൊച്ചി: നമ്പര്‍ 18 ഹോട്ടലില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതി അഞ്ജലി റിമ ദേവ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായേക്കില്ല. അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ അയച്ച നോട്ടീസ് അഞ്ജലി കൈപ്പറ്റിയിട്ടില്ല. ഇതോടെ അഞ്ജലി ഇന്ന് ഹാജരാകില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അതേസമയം, കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള റോയ് വയലാട്ട്, സൈജു തങ്കച്ചൻ എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
ഇതിന്റെ ഭാഗമായി പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. വയനാട് സ്വദേശിയായ അമ്മയും പ്രായപൂർത്തിയാകാത്ത മകളും ചേർന്നാണ് റോയ് വയലാട്ട് ഉൾപ്പെടെയുള്ളവർക്കെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പോക്‌സോ കേസ് എടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി.
എന്നാല്‍ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഒന്നാം പ്രതിയായ റോയ് വയലാട്ടിന്റെ രണ്ടാം പ്രതി സൈജു തങ്കച്ചന്റെയും ജാമ്യ ഹര്‍ജി കോടതി തള്ളിയിരുന്നു. മൂന്നാം പ്രതിയായ അഞ്ജലിയ്ക്ക് മാത്രമാണ് ജാമ്യം അനുവദിച്ചത്. അമ്മയ്‌ക്കൊപ്പം ഹോട്ടലിലെത്തിയ പെണ്‍കുട്ടിയെ കെണിയില്‍പ്പെടുത്താന്‍ അഞ്ജലി റിമാ ദേവ് മറ്റ് രണ്ട് പ്രതികള്‍ക്ക് ഒത്താശ ചെയ്‌തെന്നാണ് കേസ്.
പെൺകുട്ടിയുടെ അമ്മയുമായുള്ള സാമ്പത്തിക ഇടപാടാണ് പരാതിക്ക് ആധാരമെന്ന് പ്രതികൾ കോടതിയെ അറിയിച്ചു. അതിനിടെ അഞ്ജലി റിമ ദേവ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. തന്നെ കുടുക്കാൻ ചില രാഷ്ട്രീയക്കാർ ശ്രമിക്കുന്നുണ്ടെന്നും, തന്റെ ജീവൻ അപകടത്തിലാണെന്നും അഞ്ജലി പറയുന്നു. അഞ്ജലി ഇതുവരെ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായിട്ടില്ല. അഞ്ജലിയെയും അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല.