ന്യൂഡൽഹി: പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ വൻ വിജയത്തിന് ശേഷം സംസ്ഥാനത്തിന്റെ 25-ാമത് മുഖ്യമന്ത്രിയായി ഭഗവന്ത് സിംഗ് മാൻ ഇന്ന് രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. മാൻ നേരത്തെ പ്രഖ്യാപിച്ചതുപോലെ, അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ പൂർവ്വിക ഗ്രാമമായ ഖത്കർ കലാൻ ഗ്രാമത്തിൽ നടക്കും.
ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളും പാർട്ടിയുടെ മറ്റ് നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. പഞ്ചാബിലെ 117 നിയമസഭാ സീറ്റുകളിൽ 92ലും എഎപി വിജയിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങിൽ ഏകദേശം മൂന്ന് ലക്ഷത്തോളം പേർ പങ്കെടുക്കുമെന്ന് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നതായി വാർത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചടങ്ങിന് രണ്ട് ദിവസം മുമ്പ്, തിങ്കളാഴ്ച, മാൻ തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ആളുകളെ പരിപാടിയിലേക്ക് ക്ഷണിച്ചുകൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്തു. സത്യപ്രതിജ്ഞ ചെയ്യുന്നത് താൻ മാത്രമല്ല, പഞ്ചാബിലെ മൂന്ന് കോടി ജനങ്ങളും തനിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ബസന്തി (മഞ്ഞ) നിറം ധരിക്കാനും വീഡിയോയിൽ അദ്ദേഹം ആളുകളെ പ്രേരിപ്പിച്ചു. പുരുഷന്മാരോട് ബസന്തി തലപ്പാവും സ്ത്രീകളോട് ബസന്തി ദുപ്പട്ടയും ധരിക്കാന്‍ അദ്ദേഹം അഭ്യർത്ഥിച്ചു.
ഇൻസ്‌പെക്ടർ ജനറലും സീനിയർ സൂപ്രണ്ട് പോലീസ് റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരെ പരിപാടിക്കായി നിയോഗിച്ചിട്ടുള്ളതിനാൽ ഫൂൾ പ്രൂഫ് സുരക്ഷാ ക്രമീകരണങ്ങൾ പരിപാടിക്കായി ഒരുക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പരിപാടിക്കായി 8,000-10,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കൂടാതെ, സമീപത്തെ 10 ജില്ലകളിലെ ആരോഗ്യ ജീവനക്കാരുടെയും 30 ഓളം ആംബുലൻസുകളുടെയും സേവനങ്ങൾ ഏതെങ്കിലും ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ വിന്യസിക്കുമെന്ന് സിവിൽ സർജൻ ദേവീന്ദർ ദണ്ഡ പറഞ്ഞു. അടിയന്തര പ്രഥമശുശ്രൂഷ നൽകാൻ പന്ത്രണ്ട് പ്രഥമശുശ്രൂഷാ സംഘങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
50 ഏക്കർ സ്ഥലത്താണ് വേദിയൊരുക്കിയിരിക്കുന്നത്. കൂടാതെ 50 ഏക്കർ പാർക്കിംഗ് സൗകര്യത്തിനായി നീക്കിവച്ചിരിക്കുന്നു.
ഈ ക്രമീകരണങ്ങൾക്ക് പുറമേ, വൻ ജനക്കൂട്ടം പ്രതീക്ഷിക്കുന്നതിനാൽ ജില്ലാ ഭരണകൂടം സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതായി അധികൃതര്‍ പറഞ്ഞു.