ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പാർലമെന്റിൽ ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.
യോഗത്തിന്റെ അജണ്ട ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) വർധിപ്പിക്കുന്ന കാര്യം ക്യാബിനറ്റ് മന്ത്രിമാർ ചർച്ച ചെയ്‌തേക്കും.
നിലവിൽ കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 31 ശതമാനമാണ് ക്ഷാമബത്ത. 3 ശതമാനം വർധന യോഗത്തിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വർധനവിലൂടെ ഇത് 34 ശതമാനമായി ഉയരും. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നടക്കുന്നതിനിടെയാണ് യോഗം.
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത നൽകുന്നത് പണപ്പെരുപ്പം ജീവനക്കാരുടെ ശമ്പളത്തിലുണ്ടായ ആഘാതം നികത്താനാണ്. ജീവനക്കാർക്കും പെൻഷൻകാർക്കും ഇത് ബാധകമാണ്.
ഏഴാം ശമ്പള കമ്മീഷൻ പ്രകാരം, ജനുവരി, ജൂലൈ മാസങ്ങളിൽ വർഷത്തിൽ രണ്ടുതവണ ഡിഎ വർധിപ്പിക്കുന്നു. നഗര, ഗ്രാമ, അല്ലെങ്കിൽ അർദ്ധ നഗര പ്രദേശങ്ങളിലെ ജീവനക്കാരന്റെ സ്ഥാനത്തെയും ആശ്രയിച്ചിരിക്കും ഡിഎയിലെ വർദ്ധനവ്.
ഇന്നത്തെ യോഗത്തിൽ ഡിഎ വർധിപ്പിക്കാനുള്ള തീരുമാനമുണ്ടായാൽ ഒരു കോടിയിലധികം ജീവനക്കാർക്കും പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. കേന്ദ്ര സർക്കാരിൽ നിലവിൽ 48 ലക്ഷം ജീവനക്കാരും 65 ലക്ഷം പെൻഷൻകാരുമുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ 28 ശതമാനത്തിൽ നിന്ന് 31 ശതമാനമായി വർധിപ്പിച്ചാണ് അവസാനമായി ഡിഎ വർധിപ്പിച്ചത്.
ഇപ്പോൾ ഡിഎ വർധിപ്പിച്ചാൽ, ജനുവരി, ഫെബ്രുവരി മാസങ്ങളിലെ കുടിശ്ശിക സഹിതം ജീവനക്കാർക്ക് വർധിപ്പിച്ച ശമ്പളം ലഭിക്കാനും പുതിയ ഡിഎ 2022 ജനുവരി മുതൽ പ്രാബല്യത്തിൽ വരാനും സാധ്യതയുണ്ട്.