തിരുവനന്തപുരം: മോഷണക്കേസിലെ പ്രതിയെന്നാരോപിച്ച് ആളുമാറി ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിന് പോലീസ് മര്‍ദ്ദനം. നട്ടെല്ലിന് ക്ഷതമേറ്റ യുവാവ് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സ തേടി. യുവാവിന്റെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണത്തിന് നിര്‍ദേശം നല്കി.മണക്കാട് സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ കുമാര്‍ (40) എന്ന യുവാവിനെയാണ് മോഷണക്കേസിലെ പ്രതിയെന്ന് സംശയിച്ച് ആളുമാറി ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്തത്.
തിങ്കളാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം നടന്നത്. നാല് മണിക്കൂറിന് ശേഷം ആള് മാറിയെന്ന് മനസിലാക്കിയ ശേഷം യുവാവിനെ പോലീസ് വിട്ടയച്ചു. പോലീസ് ഇദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ചെന്നും വീട്ടിലെത്തിയപ്പോള്‍ അവശനിലയിലായിരുന്നതിനാലാണ് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
പോലീസ് മര്‍ദ്ദനത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുമാറിന്റെ ഭാര്യ സിറ്റി പോലീസ് കമ്മീഷണര്‍ ജി.സ്പര്‍ജന്‍കുമാറിന് പരാതി നല്കി. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷണര്‍ ജില്ലാ ക്രൈംബ്രാഞ്ചിനോട് നിര്‍ദേശിച്ചു.