തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റം സര്‍വീസ് റൂളിന്റെ ഭാഗമാക്കണമെന്നുള്ള ഭരണപരിഷ്‌കാര കമ്മീഷന്റെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. ഉടന്‍ തന്നെ മാറ്റങ്ങള്‍ പ്രാബല്യത്തിലാക്കി സര്‍ക്കുലര്‍ ഇറങ്ങും. ജോലിയും കാര്യക്ഷമതയും പരിഗണിച്ച് വേണം സ്ഥാനക്കയറ്റം നല്‍കേണ്ടതെന്നാണ് ശിപാര്‍ശ. ഫയലുകള്‍ വൈകിപ്പിച്ചാലും ജനങ്ങളോട് മോശമായി പെരുമാറിയാലും ജോലിസമയത്ത് സീറ്റിലില്ലെങ്കിലും സ്ഥാനക്കയറ്റം തടയും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഗസറ്റഡ്, നോണ്‍ ഗസറ്റഡ് എന്ന് തരംതിരിച്ചും ഗസറ്റഡ് ഓഫീസര്‍മാര്‍ക്ക് 13, നോണ്‍ ഗസറ്റഡ് ഓഫീസര്‍മാര്‍ക്ക് ഒന്‍പത് എന്ന് സ്‌കോര്‍ നിശ്ചയിച്ചുമാണ് ഇതുവരെ സ്ഥാനക്കയറ്റം നിശ്ചയിച്ചിരുന്നത്. പുതിയ പരിഷ്‌കാര പ്രകാരം രണ്ടു കൂട്ടര്‍ക്കും 20 ആണ് സ്‌കോര്‍. ഭരണപരിഷ്‌കാര വകുപ്പിന്റെ നിര്‍ദേശം ചീഫ് സെക്രട്ടറി സര്‍ക്കാരിനു കൈമാറിയിരുന്നു. ശിപാര്‍ശ സര്‍ക്കാരും അംഗീകരിച്ച സ്ഥിതിക്ക് സര്‍ക്കുലര്‍ ഉടന്‍ ഇറങ്ങും.