തിരുവനന്തപുരം: ലോ കോളേജില്‍ കെഎസ് യു വനിതാ പ്രവര്‍ത്തകയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നിയമസഭയിലേക്ക് കെഎസ്യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്.
നിയമസഭയിലേക്ക് പ്രവേശിക്കുന്ന റോഡില്‍ തന്നെ പോലീസ് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ട് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗം നടത്തി. ഇതിനിടെ കല്ലേറുമുണ്ടായി. തുടര്‍ന്ന് പാളയത്ത് കെഎസ്യു പ്രവര്‍ത്തകര്‍ ഉപരോധം നടത്തി. ഇതിനിടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രക്തസാക്ഷി മണ്ഡപത്തിന് സമീപം സ്ഥാപിച്ചിരുന്ന ഇടത് സംഘടനകളുടെ ഫ്ളക്സുകളും കൊടികളും തകര്‍ത്തു. പോലീസുമായി നേരിട്ട് ഏറ്റുമുട്ടലുമുണ്ടായി. കെ.എം.അഭിജിത്, ഷാഫി പറമ്പില്‍ എംഎല്‍എ അടക്കമുള്ളര്‍ സംഭവസ്ഥലത്തെത്തിയിരുന്നു.