ന്യൂഡല്ഹി: കോൺഗ്രസിലെ ‘ജി23’ ഗ്രൂപ്പിലെ നേതാക്കളുടെ നിർദേശപ്രകാരം ഗുലാം നബി ആസാദ് വ്യാഴാഴ്ച കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. അഞ്ച് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിനും തുടർന്നുള്ള നേതൃത്വ തർക്കത്തിനും ഇടയിൽ, മുതിർന്ന കോൺഗ്രസ് നേതാവും അസംതൃപ്തരായ “ജി-23” ഗ്രൂപ്പിലെ അംഗവുമായ ഗുലാം നബി ആസാദ് വ്യാഴാഴ്ച 10 ജൻപഥിൽ പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാന് സൂചന.
പാർട്ടിയുടെ നിലവിലെ സാഹചര്യവും ഭാവി തന്ത്രവും ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ ‘ജി 23’ ഗ്രൂപ്പിന്റെ നേതാക്കൾ ബുധനാഴ്ച യോഗം ചേർന്നിരുന്നു. മുൻ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ വസതിയിൽ നടന്ന യോഗത്തിൽ കപിൽ സിബൽ, ആനന്ദ് ശർമ്മ, മനീഷ് തിവാരി, ശശി തരൂർ തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു.
സോണിയയുമായുള്ള ഗുലാം നബിയുടെ കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തന ശൈലിയിൽ ജി-23 നേതാക്കളുടെ അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഗാന്ധി കുടുംബവുമായുള്ള ആസാദിന്റെ കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യമുള്ളത്. ജി-23 അംഗങ്ങളുടെ അന്തിമ നിർദ്ദേശം ആസാദ് പാർട്ടി ഹൈക്കമാൻഡിന് മുന്നിൽ അവതരിപ്പിക്കുമെന്ന് കരുതുന്നു. സോണിയാ ഗാന്ധിയുമായി ആസാദ് നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും ജി23യുടെ ഭാവി തീരുമാനിക്കുക.
ഈ ഗ്രൂപ്പിന്റെ ഭാഗമല്ലാത്ത, എന്നാൽ പാർട്ടിക്കുള്ളിൽ മാറ്റം ആഗ്രഹിക്കുന്ന, നിരവധി നേതാക്കളെയും ‘ജി 23’ നേതാക്കൾ ക്ഷണിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ പറയുന്നു. അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ ഗാന്ധി കുടുംബം കോൺഗ്രസ് നേതൃത്വം ഉപേക്ഷിച്ച് മറ്റൊരാൾക്ക് അവസരം നൽകണമെന്ന് ഈ ഗ്രൂപ്പിലെ പ്രമുഖനും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബൽ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
ബുധനാഴ്ച ആസാദ് തന്റെ വസതിയിൽ നിരവധി ജി-23 നേതാക്കൾക്ക് ആതിഥ്യം വഹിച്ചു. കപിൽ സിബൽ, ശശി തരൂർ, ഭൂപീന്ദർ സിംഗ് ഹൂഡ, ആനന്ദ് ശർമ്മ, മനീഷ് തിവാരി, മണിശങ്കർ അയ്യർ, പിജെ കുര്യൻ, പ്രണീത് കൗർ, സന്ദീപ് ദീക്ഷിത്, രാജ് ബബ്ബർ എന്നിവരും അദ്ദേഹത്തിന്റെ വസതിയിൽ എത്തിയിരുന്നു.
ജി-23-ലെയും മറ്റ് പാർട്ടികളിലെയും നേതാക്കളെ തന്റെ വസതിയിൽ അത്താഴത്തിന് ക്ഷണിച്ച കപിൽ സിബലിന്റെ വസതിയിലാണ് യോഗം നടക്കേണ്ടിയിരുന്നത്. എന്നാൽ, സിബലിന്റെ സമീപകാല “ആക്രമണത്തിന്” ശേഷം വേദി ആസാദിന്റെ വസതിയിലേക്ക് മാറ്റുകയായിരുന്നു.
കപിൽ സിബലിനോടും ആനന്ദ് ശർമ്മയോടും കോൺഗ്രസ് നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ടെന്ന് വൃത്തങ്ങൾ പറയുന്നു. ആസാദും സോണിയാ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയാലേ മധ്യസ്ഥത കണ്ടെത്താനാകൂവെന്ന് വൃത്തങ്ങൾ പറഞ്ഞു.