ചിക്കാഗോ: രാജ്യത്താകമാനം ഗ്യാസ് വില കുതിച്ചുകയറുമ്പോള്‍ ഗ്യാസ് ഉപഭോക്താക്കള്‍ക്ക് അല്പമെങ്കിലും ആശ്വാസം നല്‍കുന്നതിന് എക്സ് മേയറോള്‍ സ്ഥാനാര്‍ത്ഥി വില്ലി വില്‍സണ്‍ 200,000 ഡോളര്‍ സൗജന്യ ഗ്യാസ് വിതരണത്തിനായി നീക്കിവച്ചിരിക്കുന്നു. ഒരാള്‍ക്ക് 50 ഡോളര്‍ വിലയ്ക്കുള്ള ഗ്യാസാണ് ലഭിക്കുക.
മാര്‍ച്ച് 17 വ്യാഴാഴ്ച രാവിലെ 7 മുതല്‍ ചിക്കാഗോയിലെ തെരഞ്ഞെടുക്കപ്പെട്ട 10 കേന്ദ്രങ്ങളില്‍ വച്ചാണ് ഗ്യാസ് വിതരണം. രണ്ടു ലക്ഷം ഡോളര്‍ കഴിയുന്നതുവരെ ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ് എന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്.
യുക്രെയ്ന് യുദ്ധം ആരംഭിച്ചതോടെ 2.50 മുതല്‍ 2.75 വിലയുണ്ടായിരുന്ന ഒരു ഗ്യാസിന്റെ വില 4 മുതല്‍ 4.50 വരെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ പതിനാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. കഴിഞ്ഞവര്‍ഷത്തെ ഈസമയത്തേക്കാള്‍ അമ്പത് ശതമാനം വര്‍ധനവ്. വില്ലി വില്‍സണ്‍ കാണിച്ച മാതൃക പിന്തുടര്ന്ന് സ്വന്തം ഗ്യാസ് സ്റ്റേഷനുകളിലെ വില കുറയ്ക്കുന്നതിന് ഗ്യാസ് സ്റ്റേഷന് ഉടമസ്ഥരായ ഖലീല്‍ അബ്ദുള്ള, അമീന് അബ്രഹാം എന്നിവര്‍ തീരുമാനിച്ചിട്ടുണ്ട്. മറ്റു പല ഗ്യാസ് സ്റ്റേഷന് ഉടമകളും ഇതേ മാതൃക പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.