കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി വധക്കേസില്‍ മുന്‍മന്ത്രി എം.എം മണി അടക്കം മൂന്നു പ്രതികളും കുറ്റവിമുക്തര്‍. പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു.
1982 നവംബര്‍ 13നാണ് യൂത്ത് കോണ്‍ഗ്രസ് ഉടുമ്പഞ്ചോല ബ്ലോക്ക് സെക്രട്ടറിയും ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റുമായിരുന്ന അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം മോഹന്‍ദാസ് വധക്കേസിലെ മൂന്നാം പ്രതിയായിരുന്നു അഞ്ചേരി ബേബി. തൊഴില്‍ തര്‍ക്കം പറഞ്ഞു തീര്‍ക്കാനെന്ന വിധം വിളിച്ചുവരുത്തി മണത്തോട്ടിലെ ഏലക്കാട്ടില്‍ ഒളിച്ചിരുന്നാണ് എതിരാളികള്‍ ബേബിലെ വെടിവച്ചത്.
2012 മേയ് 25ന് തൊടുപുഴ മണക്കാട് എം.എം മണി നടത്തിയ പ്രസ്താവനയാണ് കേസ് പുനരന്വേഷിക്കാന്‍ ഇടയാക്കിയത്. അഞ്ചേരി ബേബിക്കൊപ്പം മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരെയും കൊലപ്പെടുത്തിയെന്നായിരുന്നു മണിയുടെ വണ്‍, ടു, ത്രീ.. പ്രസംഗം.
ഇതിന്‍ പ്രകാരം എം.എം. മണി, ജില്ലാ കമ്മിറ്റി അംഗം എ.കെ. ദാമോദരന്‍, മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഒ.ജി. മദനന്‍ എന്നിവരെ പ്രത്യേക അന്വേഷണസംഘം ഒന്നു മുതല്‍ മൂന്നു വരെ പ്രതികളാക്കി . കേസിലെ ഒന്നാം സാക്ഷി ചിറ്റടി ജോണി, മൂന്നാം പ്രതി പി.എന്‍. മോഹന്‍ദാസ് എന്നിവര്‍ അന്വേഷണസംഘത്തിനു നല്‍കിയ മൊഴിയാണ് അന്വേഷണത്തില്‍ നിര്‍ണായകമായതും എം.എം. മണിയെ പ്രതിയാക്കിയതും. സംഭവവുമായി ബന്ധപ്പെട്ട് ഐ.ജി. പത്മകുമാറും സംഘവും ചേര്‍ന്ന് മണിയെ സ്വഭവനത്തില്‍ നിന്നും പുലര്‍ച്ചെ അറസ്റ്റ് ചെയ്യുകയുണ്ടായി. 44 ദിവസം പീരുമേട് സബ്ജയിലില്‍ ഇദ്ദേഹം റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. ഗൂഢാലോചനക്കുറ്റമാണ് മണിക്കെതിരെ ചുമത്തിയിരുന്നത്.