നാഗ്പൂരിൽ വാടക ഗർഭധാരണത്തിന്റെ പേരിൽ തട്ടിപ്പ് നടത്തി ഡോക്ടർ നവജാത ശിശുവിനെ 7 ലക്ഷം രൂപയ്ക്ക് വിറ്റു; ഡോക്ടറും സംഘവും അറസ്റ്റില്‍

നാഗ്പൂര്‍: വാടക ഗര്‍ഭധാരണത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തി ഏഴു ലക്ഷം രൂപ തട്ടിയെടുത്ത ഡോക്ടറും കൂട്ടാളികളും അറസ്റ്റില്‍. നഴ്‌സുമാർ, വനിതാ ഡോക്‌ടർമാർ, രോഗ വിദഗ്ധർ, എൻജിഒ ഉദ്യോഗസ്ഥർ, സ്‌ത്രീകളും പുരുഷന്മാരും തട്ടിപ്പിൽ ഉള്‍പ്പെട്ടവരില്‍ പെടുന്നു.

തലസ്ഥാനത്ത് നവജാത ശിശുക്കളെ വിൽക്കുന്ന ഒരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ക്രൈം ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ഈ റാക്കറ്റിൽ ഒരു പ്രശസ്ത ഡോക്ടറേയും കൂട്ടാളികളേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. തെലങ്കാനയിലെ പ്രൊഫസർ ദമ്പതികൾക്ക് 7 ലക്ഷം രൂപയ്ക്കാണ് ഇവര്‍ നവജാത ശിശുവിനെ വിറ്റത്. ഡോ. വിലാസ് ഭോയാർ, രാഹുൽ എന്ന മോരേശ്വർ ദാജിബ നിംജെ, നരേഷ് എന്ന ജ്ഞാനേശ്വർ റാവുത്ത് (ശാന്തിനഗർ) എന്നിവരാണ് അറസ്റ്റിലായത്. വത്തോഡ പോലീസ് സ്റ്റേഷൻ പരിധിയിൽ ദിഘോരിയിൽ ‘ക്യൂർ ഇറ്റ്’ എന്ന പേരിൽ ഒരു ആശുപത്രിയുണ്ട്. അവിടത്തെ ചില നഴ്‌സുമാർ, വനിതാ ഡോക്ടർമാർ, പാത്തോളജിസ്റ്റുകൾ, എൻജിഒ ഉദ്യോഗസ്ഥർ, സ്ത്രീകളും പുരുഷന്മാരും തട്ടിപ്പിൽ പങ്കാളികളാണ്. നവജാത ശിശുവിനെ വാങ്ങിയ പ്രൊഫസർ ദമ്പതികളേയും കുഞ്ഞിനേയും പോലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
പ്രണയബന്ധത്തിലൂടെ ഗർഭിണിയായ നാഗ്‌പൂർ സ്വദേശിയായ ഒരു പെണ്‍കുട്ടി ഗർഭഛിത്രം നടത്തുന്നതിനായി പ്രതിയായ ഡോക്‌ടറെ സന്ദർശിച്ചു. ഇതിനിടെയാണ് ഹൈദരാബാദിലുള്ള ദമ്പതികൾക്ക് കുട്ടികളില്ലാത്തതിനാൽ വാടക ഗർഭധാരണത്തിലൂടെ കുഞ്ഞ് വേണമെന്ന വിവരം ഡോക്ടര്‍ക്ക് ലഭിക്കുന്നത്. തുടർന്ന് ഗർഭഛിത്രം ചെയ്യാതിരിക്കാൻ പെണ്‍കുട്ടിക്ക് വലിയൊരു തുക ഇയാൾ വാഗ്‌ദാനം ചെയ്തു.

പെണ്‍കുട്ടി പ്രസവിക്കാൻ തയ്യാറായതിനെ തുടർന്ന് ഡോക്‌ടർ ഹൈദരാബാദിലുള്ള ദമ്പതികളെ ബന്ധപ്പെടുകയും ഒരു സ്‌ത്രീ വാടക ഗർഭപാത്രത്തിന് തയ്യാറാണെന്ന് അറിയിക്കുകയുമായിരുന്നു. ഇതിനായി ഏഴ്‌ ലക്ഷം രൂപ ഡോക്‌ടർ ദമ്പതികളിൽ നിന്ന് വാങ്ങി.

സംശയം ഉണ്ടാകാതിരിക്കാൻ ഇയാൾ ദമ്പതികളെ ചികിത്സിക്കുകയും അവരിൽ നിന്ന് ബീജം ശേഖരിക്കുകയും ചെയ്‌തു. ഇതിനിടെ ജനുവരി 28ന് യുവതി പെണ്‍കുഞ്ഞിന് ജന്മം നൽകി. തുടർന്ന് പ്രതി നവജാത ശിശുവിന്‍റെ വ്യാജ രേഖകൾ ഉണ്ടാക്കി. എല്ലാ നടപടി ക്രമങ്ങളും പൂർത്തിയായ ശേഷം കുഞ്ഞിനെ ദമ്പതികൾക്ക് കൈമാറി.

ഇതിനിടെ നവജാത ശിശുവിനെ വിൽപ്പന നടത്തി എന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചു. അതീവ രഹസ്യമായി ഇക്കാര്യത്തിൽ അന്വേഷണം നടത്തിയ പൊലീസ് ഹൈദരാബാദിലേക്ക് ഒരു സംഘത്തെ അയയ്‌ക്കുകയും ദമ്പതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പിന്നാലെയാണ് ഡോക്‌ടറേയും സംഘത്തേയും പിടികൂടിയത്.

ഡപ്യൂട്ടി പോലീസ് കമ്മീഷണർ ചിൻമയ് പണ്ഡിറ്റിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ രേഖ സങ്കപാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

 

 

Print Friendly, PDF & Email

Leave a Comment

More News