തിരുവനന്തപുരം: വിതുരയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മിച്ച് നല്കി നടന് കൃഷണകുമാറും കുടുംബവും. കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരുടെ ‘അഹാദിഷിക ഫൗണ്ടേഷന്’ എന്ന ജീവകാരുണ്യ സംഘടനയുടെയും ‘അമ്മു കെയര്‍’ എന്ന സന്നദ്ധ സംഘടനയുടേയും നേതൃത്വത്തിലാണ് ശൗചാലയങ്ങള്‍ നിര്‍മിച്ചത്.
വിതുരയിലെ വലിയകാലാ സെറ്റില്‍മെന്റിലെ ഒമ്പത് വീടുകള്‍ക്കാണ് ശൗചാലയങ്ങള്‍ നിര്‍മിച്ച് നല്‍കിയത്. ഈ വിവരം അഹാനയും കൃഷ്ണകുമാറും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. മാര്‍ച്ച് 15ന് ശൗചാലയങ്ങള്‍ ഒമ്പത് കുടുംബങ്ങള്‍ക്കും കൈമാറി.
കാട്ടുപന്നിയുടെയും മ്ലാവിന്റയും ആക്രമണം കൂടിവരുന്ന സാഹചര്യത്തില്‍ വീടിനോട് ചേര്‍ന്ന് ശൗചാലയം വേണമെന്നുള്ള ആവശ്യം പത്രവാര്‍ത്തകളില്‍ നിന്നും അറിഞ്ഞ് സേവാഭാരതി വനപാലകനായ വിനോദ് കുമാര്‍ അഹാദിഷികയുടെ അംഗങ്ങളെ സമീപിക്കുകയായിരുന്നു.
കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിക്കുകയും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി, ഒമ്പത് കുടുംബങ്ങളെ തിരഞ്ഞെടുത്തു. ഇവര്‍ക്ക് അടിയന്തരമായി ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കുകയായിരുന്നു.