ചുട്ടുപൊള്ളുന്ന വെയിലിൽ കാട്ടിൽ പക്ഷികളുടെ ഒരു യോഗം കൂടികൊണ്ടിരിക്കുകയായിരുന്നു. വിഷയം ആഗോള താപനമായിരുന്നു. കൂട്ടത്തിൽ തലവൻ വേഴാമ്പലിനു ഒരു നിവേദനം കൊടുത്തിട്ടു കാലം മ്മിണി ആയി. ഒരു മഴ പോലും ഇല്ല. ആശാൻ ഒറ്റക്കാലിൽ നിന്ന് തപസ്സിരുന്നാൽ മഴ പെയ്യുമത്രേ! എന്നാണ് കാടിന്റെ വിശ്വാസം.
മയിലുകൾ കൂട്ടമായി നാട്ടിൽ ഇറങ്ങി വിളകൾ നശിപ്പിക്കുന്നെന്നുള്ള നാട്ടുവർത്തമാനം ഉണ്ട്. എന്ത് ചെയ്യാം മഴ ഇന്ന് പെയ്യും നാളെ പെയ്യും എന്നും പറഞ്ഞിരിക്യല്ലാതെ നിവൃത്തി ഇല്ല.
ഒരു പുതുമഴയെങ്കിലും കിട്ടിട്ട് വേണം ഒന്ന് പറന്നുയരാൻ. മണ്ണിനടിയിൽ നിന്നും ഇയ്യാംപാറ്റകളുടെ നെടുവീർപ്പുകൾ അരണകൾക്കു കേൾക്കാമായിരുന്നു.
പച്ചില കൊത്തിക്കും പച്ചതുള്ളനും മാത്രേ ലേശം പച്ചയുള്ളു ബാക്കി എല്ലാം സർവത്ര ഉണങ്ങിവരണ്ടു.പുല്ലുകൾക്ക് സ്വർണ്ണനിറമാണ്.
ഉണങ്ങി വരണ്ടാലും തലയെടുപ്പോടെ നില്കുന്നുണ്ട്. കാട്ടുപുല്ലുകൾ.ഓന്ത്കൾ നിറം മാറി മരമേത് ഓന്ത് ഏതെന്നു മനസിലാക്കാൻ പറ്റാതായി.
ചെറുകിളികൾ എല്ലാരും പറക്കാൻ പറ്റാത്ത വിഷമത്തിൽ ആണ്. ദേശാടനകിളികൾ കൂട്ടത്തോടെ പോയിട്ടു മാസങ്ങൾ കഴിഞ്ഞു.
നമ്മൾ ദേശക്കാർ അങ്ങനെ പോകാൻ പാടില്ല. കുരുവിക്കൂട്ടങ്ങൾ തറപ്പിച്ചു പറഞ്ഞു. അത്ര ദൂരത്തിലും ഉയരത്തിലും പറക്കാൻ നമുക്ക് കഴിയില്ല. പുതിയ ദേശങ്ങളിലെ ഭക്ഷണം നമുക്ക് പറ്റില്ല. ഈ മലമേട് വിട്ടൊരു പോക്കില്ല.
കടുത്ത വിഷാദത്തിൽ ആയിരുന്ന കുയിലിന്നു നീട്ടി പാടുന്നുണ്ട്. അങ്ങേ ചെരുവിൽ മാന്തോപ്പിൽ അവളുടെ വസന്തമുണ്ട്… കുയിലിന്റെ പാട്ട് സദസ്സിനെ ലേശം കുളിർപ്പിച്ചു.
കാട്ടാനക്കൂട്ടങ്ങൾ താഴ്‌വാരത്തിൽ നിന്നും ചിന്നം വിളിക്കുന്നുണ്ടായിരുന്നു….
മാനുകൾ പാറക്കെട്ടിൽ നിന്നും തലപൊക്കി നോക്കി.
താഴെ അരുവിയിലെ വെള്ളം ചൂട് പിടിച്ചിരുന്നു. ദൂരെ മാൻകൂട്ടങ്ങൾ ചിന്നിചിതറി ഓടിക്കളിക്കുന്നു. സന്ധ്യയുടെ ചുവപ്പ് രാശി ആകാശമാകെ പടർന്നിരുന്നു.
അങ്ങേക്കരയിൽ കുറുക്കന്റെ നിഴൽ കണ്ടതോടെ വെള്ളം കുടിക്കാൻ എത്തിയ മുയൽകൂട്ടങ്ങൾ മാളത്തിലേക്ക് ഓടികയറി…
അസ്തമയത്തിന് അന്ന് പതിവിലേറെ ചുമപ്പു തോന്നി മയിലമ്മക്ക്. പതിവില്ലാതെ പരുന്തുകള്‍ ഒച്ചയെടുത്തു വട്ടത്തിൽ പറക്കുന്നു.. ചൂട് അസഹ്യമായി വരുന്നു. പാറയുടെ അറ്റത്തുള്ള വളഞ്ഞു നിൽക്കുന്ന മരകൊമ്പിലേക്കു മയിലമ്മ പറന്നു കേറി നോക്കി.
നെഞ്ചിലൊരു അന്തലോടെ മയിലമ്മ താഴേക്കു വീണു. അങ്ങേ ചെരുവുകൾ കത്തിവരുന്നു. ചുറ്റും നോക്കി ആരെയും കാണാനില്ല. മക്കൾ പറന്നു പോയത് ആ ദിക്കിലേക്കാണല്ലോ. ദൈവമേ… നെഞ്ച് പൊട്ടിയുള്ള മയിലമ്മയുടെ കരച്ചിൽ കേട്ട് അരണ പുറത്തേക്കു വന്നു…
എന്തോ ആപത്തുണ്ട്. ആകാശത്ത് പരുന്തുകൾ കൂട്ടംകൂട്ടമായി പറന്നു പോകുന്നു. ചെറുകിളികൾ ചിലച്ചു ചിലച്ചു പറന്നു പോകുന്നു. ചൂട്. അസഹ്യമായ ചൂട്.
തീ കാട്ടു തീ..
കിളികൾ ബഹളം കൂട്ടി പറക്കുന്നു… മുയലുകൾ ഓടിപ്പോകുന്നു. കൂട്ടുകാരെ ആരെയും കാണാനില്ല.
അരണകളും ഓന്തുകളും ഉടുമ്പും ചാടി ചാടി ഇഴഞ്ഞു പോകുന്നു. പാറയുടെ ചൂട് കൂടി വരുന്നു. കുറുനരിയുടെ കാലിന്റെ ഇടയിലൂടെ ഓടിപ്പോകുന്ന മുയൽ കുട്ടികൾ.. തീ കത്തി പിടിക്കുന്നതിന്റെ ആർത്തനാദം പുല്ലുകൾ എരിഞ്ഞു തീരുന്നു. ചില്ലകൾ ഒടിയുന്നു.
തീജ്വാലകൾ മാനം മുട്ടെ ഉയരുന്നു. സർവത്ര ഇരുട്ട് ഒരുവശത്തു, മറുപാതി കത്തിയമരുന്നു. ചൂടിൽ വെന്തുരുകുന്ന ചെറു ജീവികൾ. മിന്നാമിന്നികൾ പുൽച്ചാടികൾ മരകൊമ്പിലെ കിളിക്കൂട്ടിൽ നിന്നും ഒരു പൊതി തീയിലേക്ക് പതിച്ചു.കൂടും കുഞ്ഞുങ്ങളും. തീറ്റ തേടി പോയ അമ്മക്കിളിക്ക് എത്താൻ കഴിഞ്ഞില്ല. തീ മലയോരം തിന്നു തീർത്തിരുന്നു അപ്പോഴേക്കും.
കാട്ടുമൃഗങ്ങളുടെ ദീനമായ കരച്ചിലുകൾ.. മൂങ്ങകൾ പറന്നുപോകുന്നു. പക്ഷികളെയൊന്നും കാണാൻ ഇല്ല എവിടെയും.
ഇരുട്ടിനെ തുളക്കുന്ന തീജ്വാല….. കൊടും വേനലിൽ കാടിന്റെ സ്ഥിരം കാഴ്ചകളിൽ ഒന്ന്.
++++++++++
ജൈവസമ്പത്തിൽ കുഞ്ഞു ജീവികളെയാണ് കാട്ടുതീ കൂടുതലായും ബാധിക്കുന്നത്…. അനുദിനം കാട് കൈയ്യേറി ആവാസ വ്യവസ്ഥക്ക് കാര്യമായ കോട്ടം വരുത്തി വക്കുമ്പോൾ പരസ്ഥിതി സംരക്ഷണം പേരിൽ മാത്രമായി പോകുന്നുണ്ട്. കൂട്ടമായി കാട്ടിൽ നിന്നും പാലായനം ചെയ്യുന്ന പക്ഷിമൃഗാദികൾ നാട് കയറി ഉണ്ടാക്കുന്ന കൃഷി നാശനഷ്ടങ്ങൾ കണക്കിൽ പെടാത്തവയാണ്. കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന കർഷകരുടെ വിലാപങ്ങൾ ഇന്നൊരു ഒരു പിന്നാമ്പുറ കാഴ്ചയും.
ഇടയിൽ ലഭിച്ചിരുന്ന വേനൽമഴയുടെ അഭാവം കാട്ടുതീയുടെ കഠിന്യം കൂട്ടി. സാമൂഹ്യ വിരുദ്ധരുടെ അശാസ്ത്രീയമായ ഇടപെടലുകൾ, വലിച്ചെറിയുന്ന ഒരു സിഗരറ്റു കുറ്റി മതി ഒരു പ്രദേശം കത്തി ചാമ്പലാകാൻ. കാട് സംരക്ഷിക്കേണ്ടവർ തന്നെ നാശം വരുത്തി വക്കുന്നു. ജൈവസമ്പത്ത് അനുദിനം നശിച്ചു കൊണ്ടിരിക്കുന്നു.
കാലചക്രം മാറി മറയുന്നു. മഴയുടെ ഗതിമാറി.. മുന്നേ പൂക്കുന്ന കൊന്നകൾ… മഴ തുടങ്ങിയാൽ ഇന്നീ കത്തിയമരുന്ന കുന്നുകൾ പറിച്ചെടുത്തു താഴ്‌വാരത്തിലെത്തുന്ന ഉരുള്‍പൊട്ടലുകളായി മാറി ദുരന്തം വിതയ്ക്കും. മിതമായതൊന്നും ഇല്ല. മഴയോ… വെയിലോ… കാറ്റോ…. ഒന്നും.
കത്തിയമർന്ന മരങ്ങൾക്കു പകരം ഇനിയൊരു പച്ച അസാധ്യം. മഴയിൽ മുളച്ചു പൊങ്ങുന്ന നാമ്പുകളിലാണിനി പ്രതീക്ഷയുള്ളത്. കാറ്റിൽ പറന്നിറങ്ങി മണ്ണിന്റെ മടിത്തട്ടിൽ വീണുകിടക്കുന്ന വിത്തുകൾ ബാക്കിയുണ്ടോ ആവോ..
ഓരോ മഴത്തുള്ളിയിലും ഒരായിരം പുതുനാമ്പുകൾ ജനിക്കട്ടെ….