തിരുവനന്തപുരം: ഐഎഫ്എഫ്കെ ഉദ്ഘാടന ചടങ്ങില്‍ ഭാവനയെ കൊണ്ടുവന്നത് നാടകീയമായ മുഹൂര്‍ത്തം ഉണ്ടാക്കാന്‍ വേണ്ടിയല്ലെന്ന് ചലച്ചിത്ര അക്കാഡമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത്. താനാണ് വ്യക്തിപരമായി ഭാവനയെ ക്ഷണിച്ചത്. അക്കാദമിയിലെ എല്ലാവരുമായി ആലോചിച്ചാണ് ക്ഷണിച്ചത്. സ്വകാര്യത മാനിച്ചാണ് വിവരം രഹസ്യമാക്കി വെച്ചത്. മാധ്യമങ്ങള്‍ നെഗറ്റിവിറ്റിയെ ഹൈലൈറ്റ് ചെയ്ത് നിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ ന്യായീകരിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ലെന്ന് രഞ്ജിത്ത് പറഞ്ഞു. ദിലീപുമായി അടുത്ത ബന്ധമില്ല. ഒരു യാത്രയ്ക്കിടെ യാദൃച്ഛികമായിട്ടാണ് ജയിലില്‍ പോയി ദിലീപിനെ കണ്ടതെന്നും രഞ്ജിത്ത് വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ജയിലില്‍ കാണാന്‍ വേണ്ടി താന്‍ സ്വന്തം നിലയ്ക്ക് പോയതല്ല. സുരേഷ് കൃഷ്ണയ്ക്ക് ഒപ്പമാണ് പോയത്. കാണാന്‍ ആഗ്രഹം ഉണ്ടായിരുന്നില്ല. ജയിലിന് പുറത്തു നില്‍ക്കുന്നത് കണ്ട് ചര്‍ച്ചകള്‍ ഒഴിവാക്കാന്‍ ആണ് അകത്തു കയറിയത്. ദിലീപിനോട് രണ്ട് വാക്ക് സംസാരിക്കുക മാത്രമാണ് അന്ന് ചെയ്തത്.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.