മോസ്കോ: ഉക്രെയ്‌നുമായുള്ള യുദ്ധത്തിനിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തന്റെ പേഴ്സണൽ സ്റ്റാഫിലെ 1000 പേരെ പുറത്താക്കി. ഇവരുടെ സ്ഥാനത്ത് പുതിയ ആളുകളെ നിയമിക്കുകയും ചെയ്തു. പുടിനെ വിഷം കൊടുത്ത് കൊല്ലുമെന്ന് സംശയിക്കുന്നതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സമീപകാല ഇന്റലിജൻസ് റിപ്പോര്‍ട്ടുകളാണ് പുടിനെ ഭയപ്പെടുത്തുന്നത്.
ഉക്രൈനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യയിൽ തനിക്കെതിരെ പ്രത്യേക ഓപ്പറേഷൻ നടത്തുമെന്ന് റഷ്യൻ ടിവിയിൽ സംസാരിക്കവെ വ്‌ളാഡിമിർ പുടിൻ പറഞ്ഞിരുന്നു. ദേശവിരുദ്ധരായ ചിലർ കൊലപാതകം ആസൂത്രണം ചെയ്യാന്‍ സാധ്യതയുണ്ടെന്നും പുടിന്‍ പറഞ്ഞു.
ഭക്ഷണത്തിൽ വിഷം കലർത്തിയതായി സംശയിക്കുന്നുണ്ടെന്ന് പുടിന്‍ തന്നോട് പറഞ്ഞിരുന്നതായി ഒരു മാധ്യമത്തിന്റെ എഡിറ്റര്‍ പറയുന്നു. റഷ്യയിലെ ഏറ്റവും സാധാരണമായ കൊലപാതക രീതി വിഷം ഉപയോഗിച്ച് കൊല്ലുകയാണെന്ന് അദ്ദേഹം പറഞ്ഞു. പുടിൻ ഭക്ഷണം കഴിക്കുന്നതിനുമുമ്പ് പരിശോധിക്കുന്നു. എന്നാല്‍, പുടിൻ തന്റെ പേഴ്സണൽ സ്റ്റാഫിലെ 1000 പേരെ പൂർണ്ണമായും മാറ്റി. പിരിച്ചുവിട്ടവരിൽ സുരക്ഷാ ഗാർഡുകളും പാചകക്കാരും പ്രൈവറ്റ് സെക്രട്ടറിമാരും ഉൾപ്പെടുന്നു.
അതിനിടെ, ഉക്രേനിയൻ നഗരങ്ങളിൽ ഭീകരാക്രമണം നടത്തുന്ന റഷ്യക്ക് സഹായം നൽകാൻ ചൈന തീരുമാനിച്ചാൽ അത് ബെയ്ജിംഗിന് ദോഷമായിരിക്കും ഫലം എന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന് മുന്നറിയിപ്പ് നൽകി. ചൈന ചില പ്രത്യാഘാതങ്ങളും പരിണതഫലങ്ങളും അനുഭവിക്കേണ്ടി വരുമെന്നും ബൈഡന്‍ സൂചിപ്പിച്ചു.
110 മിനിറ്റോളം നടന്ന വീഡിയോ കോളിലൂടെയാണ് ഇരുവരും തമ്മിലുള്ള സംഭാഷണം നടന്നത്. യുഎസ്-ചൈന ബന്ധം, അന്താരാഷ്‌ട്ര വിഷയങ്ങൾ എന്നിവയും ചർച്ചയിൽ വിഷയമായി.
റഷ്യയ്‌ക്കെതിരായ ഉപരോധം ഉൾപ്പെടെയുള്ള ആക്രമണങ്ങൾ തടയുന്നതിനും പ്രതികരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നടപടികൾ ബൈഡൻ വിവരിച്ചു. ചൈന റഷ്യയെ സഹായിച്ചാൽ എന്ത് പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പറയാൻ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു. റഷ്യയെ അപലപിക്കുന്നത് ചൈന ഇതുവരെ ഒഴിവാക്കിയിരുന്നു.