തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പായി ഡോ. തോമസ് ജെ. നെറ്റോ അഭിഷിക്തനായി. ആര്‍ച്ച്ബിഷപ് ഡോ.എം. സൂസ പാക്യത്തിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. വെട്ടുകാട് പള്ളിക്കു സമീപമുള്ള ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റ്യന്‍ ഗ്രൗണ്ടില്‍ വിശ്വാസസമൂഹത്തെ സാക്ഷിനിര്‍ത്തിയായിരുന്നു ഡോ. തോമസ് ജെ. നെറ്റോ ലത്തീന്‍ അതിരൂപതയുടെ അധ്യക്ഷപദമേറ്റത്. ആര്‍ച്ച്ബിഷപ് ഡോ.എം. സൂസ പാക്യം ഡോ. തോമസ് ജെ. നെറ്റോയ്ക്ക് സ്ഥാനചിഹ്നങ്ങള്‍ ധരിപ്പിച്ചു.
മാര്‍പാപ്പയുടെ ഇന്ത്യന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ് ലിയോബോള്‍ഡ് ജിറേലി ചടങ്ങില്‍ സംബന്ധിച്ചു. മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സുവിശേഷ പ്രഘോഷണം നടത്തി.
ചടങ്ങില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍, കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍, ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്ക ത്തേച്ചേരില്‍, കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, കോട്ടാര്‍ ബിഷപ് ഡോ. നസ്രൈന്‍ സൂസെ തുടങ്ങിയ 20 ല്‍ അധികം ബിഷപ്പുമാര്‍ സഹ കാര്‍മികരായിരുന്നു.