കെന്റക്കി: സ്വവര്‍ഗ വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ച കെന്റാക്കി കൗണ്ടി മുന്‍ ക്ലാര്‍ക്ക് കിം ഡേവിസ് ഭരണഘടനാ ലംഘനം നടത്തിയതായി ഫെഡറല്‍ ജഡ്ജി ഡേവിഡ് ബണ്ണിങ് വെള്ളിയാഴ്ച വിധിച്ചു. സ്വവര്‍ഗ വിവാഹിതരായ മൂന്നു ദമ്പതിമാര്‍ കൗണ്ടി ക്ലാര്‍ക്കിനെതിരെ സമര്‍പ്പിച്ച സിവില്‍ സ്യൂട്ട് പിന്‍വലിക്കണമെന്ന കിം ഡേവിസിന്റെ ആവശ്യവും ജഡ്ജി നിരാകരിച്ചു.
അതിനു ശേഷമാണ് പുതിയ ഉത്തരവിട്ടത്. ദമ്പതികള്‍ക്കുണ്ടായ പ്രശ്നത്തിന് നഷ്ടപരിഹാരം നല്കുന്ന കാര്യം ജൂറി തീരുമാനിക്കണമെന്നും ജഡ്ജി പറഞ്ഞു.
കെന്റാക്കി ഈസ്റ്റേന്‍ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിയാണ് വിധി പ്രസ്താവിച്ചത്. 2015 മുതല്‍ കോടതിയിലുള്ള കേസിലാണ് ഇപ്പോള്‍ വഴിത്തിരിവുണ്ടായിരിക്കുന്നത്. 2015ല്‍ ഈ കേസില്‍ അഞ്ചു ദിവസം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു.
ക്രിസ്ത്യന്‍ വിശ്വാസമനുസരിച്ച് സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നും അതാണ് വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചതെന്നുമാണ് കിം ഡേവിസ് നേരത്തെ കോടതിയില്‍ പറഞ്ഞത്. സുപ്രീം കോടതി വിവാഹം നിയമവിധേയമാക്കിയിട്ടും അതിനെ എതിര്‍ത്തത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയ ജഡ്ജി ഇവരെ ജയിലില്‍ അയക്കണമെന്നും നിര്‍ദേശിച്ചു.
മുന്‍പ് ഡോണള്‍ഡ് ട്രംപ് ഭരണത്തിലുള്ളപ്പോള്‍ ഈ വിഷയം വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഒരു പരിധിവരെ ട്രംപ് ഡേവിസിനെ അനുകൂലിക്കുകയും ചെയ്തിരുന്നു. കേസില്‍ ഏപ്രില്‍ ഒന്നിന് വിധി പറയും.