കോട്ടയം: ചങ്ങനാശേരി കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡില്‍ ബസില്‍ നിന്ന് വീണ് ഗൃഹനാഥന് ദാരുണാന്ത്യം. ചങ്ങനാശേരി ചെത്തിപ്പുഴ മുട്ടത്തുപടി പുത്തന്‍പറമ്പില്‍ പരേതരായ പി.ജെ. തോമസ്- ത്രേസ്യാമ്മ തോമസ് ദമ്പതികളുടെ മകന് ടോണി മാത്യു(57) ആണ് മരിച്ചത്. ഞായറാഴ്ച മൂന്നിന് കോഴിക്കോടുനിന്നു തിരുവനന്തപുരത്തേക്കു പോകുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ ചങ്ങനാശേരി സ്റ്റാന്‍ഡില്‍ വന്നിറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.
ചങ്ങനാശേരിയില്‍ വര്‍ഷങ്ങളായി എവര്‍ ഗ്രീന്‍ എന്ന സ്ഥാപനം നടത്തി ഡെക്കറേഷന് ജോലികള്‍ ചെയ്തുവരികയായിരുന്നു ടോണി. ഡെക്കറേഷന് ജോലിയുമായി ബന്ധപ്പെട്ടു പോയി മടങ്ങി വീട്ടിലേക്കു വരുമ്പോഴാണ് അപകടം സംഭവിച്ചത്. ടോണി ബസില്‍നിന്ന് ഇറങ്ങുന്നതിനിടെ തൊട്ടുപിറകിലുണ്ടായിരുന്ന യാത്രികന്റെ ബാഗില്‍ അറിയാതെ കൈ ഉടക്കി ബാലന്‍സ് തെറ്റി താഴേയ്ക്കു വീഴുകയായിരുന്നു. യാത്രികരെ ഇറക്കി മുന്നോട്ട് എടുത്ത തിരുവനന്തപുരത്തുനിന്നു കോതമംഗലത്തേക്കു പോകാനെത്തിയ സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ പുറകിലെ ടയറിനടിയിലേക്കാണ് വീണത്.
ഈ സമയം പെട്ടെന്നു മുന്നോട്ടെടുത്ത ബസിന്റെ പിന്‍ചക്രം ടോണിയുടെ തലയിലൂടെ കയറിയിറങ്ങി. ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്ന മറ്റ് ബസ് ജീവനക്കാരും യാത്രികരും ഉടന്‍തന്നെ ചങ്ങനാശേരി പോലീസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിച്ചു. ആംബുലന്‍സിനായി അല്പനേരം കാത്തുനിന്നെങ്കിലും ലഭിച്ചില്ല. ഈ സമയം മറ്റൊരു ബസില്‍ സ്റ്റാന്‍ഡില്‍ എത്തിയ സിപിഎം ചങ്ങനാശേരി ഏരിയ സെക്രട്ടറി കെ.സി. ജോസഫ് ഇടപെട്ട് ആംബുന്‍സ് എത്തിക്കുകയായിരുന്നു. മൃതദേഹം ചങ്ങനാശേരി താലൂക്ക് ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
ടോണിയുടെ പേഴ്സില്‍നിന്നു ലഭിച്ച ലൈസന്സില്നിന്നുമാണ് ആളെ തിരിച്ചറിഞ്ഞത്. ഉടന്‍തന്നെ ബന്ധുക്കളെ വിവരമറിയിച്ചു. ചങ്ങനാശേരി താലൂക്ക് ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തു ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.
ടോണിയുടെ സംസ്കാരം പിന്നീട്. ഭാര്യ: റാണി ടോണി. മക്കള്‍: റൂണ ട്രീസ ടോണി, ട്രിജോ ടോം ടോണി (ഇരുവരും ദുബായില്‍).