തിരുവനന്തപുരം: കെ.റെയില്‍ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരായ സമരം യു.ഡി.എഫ് ഏറ്റെടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കല്ലുകള്‍ പിഴുതെടുത്ത് ജയിലില്‍ പോകാന്‍ യുഡിഎഫ് നേതാക്കള്‍ തയാറെന്ന് പ്രതിഷേധിക്കുന്ന സാധാരണക്കാര്‍ക്കെതിരെ പോലീസ് കേസെടുക്കുകയാണ്. അവരെ ജയിലില്‍ പോകാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതിരടയാള കല്ലുകള്‍ പിഴുതെറിയാന്‍ യുഡിഎഫ് തീരുമാനിച്ചപ്പോള്‍ ജനങ്ങള്‍ അത് ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ജനങ്ങള്‍ക്കെതിരെ പോലീസ് കേസെടുക്കുകയാണ്. അതുകൊണ്ട് ഈ സമരം യുഡിഎഫ് ഏറ്റെടുക്കുകയാണ്.
ഇതുവരെ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുകയാണ് ചെയ്തത്. എന്നാല്‍ ഇനിമുതല്‍ ജനങ്ങളെ പിന്നില്‍ നിര്‍ത്തും. കല്ല് പിഴുതെറിഞ്ഞ് ജയിലില്‍ പോകാന്‍ യുഡിഎഫ് പ്രവര്‍ത്തകരും നേതാക്കന്മാരും തയാറാണ്. കേരളത്തെ പണയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. പാരിസ്ഥിതികമായി തകര്‍ക്കാനും ശ്രമിക്കുന്നു. ഇതിന് പിന്നില്‍ വന്‍ അഴിമതിയുണ്ട്. സമരം അടിച്ചമര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയാല്‍ വഴങ്ങില്ല. സമരത്തിന്റെ രൂപവും ഭാവവും മാറ്റുമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.