അര്‍ക്കന്‍സാസ്: അർക്കൻസാസിൽ ഒരു കാർ ഷോയിൽ പങ്കെടുത്തവർക്ക് നേരെ തോക്കുധാരികൾ നടത്തിയ വെടിവെപ്പില്‍ ഒരാൾ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ശനിയാഴ്ച വൈകീട്ട് ഡുമാസ് പട്ടണത്തിൽ പ്രാദേശിക കാർ ഷോയിൽ പങ്കെടുത്ത ജനക്കൂട്ടത്തിന് നേരെയുണ്ടായ വെടിവയ്പ്പിലാണ് ഒരാള്‍ മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തതെന്ന് അർക്കൻസാസ് സ്റ്റേറ്റ് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
അക്രമിയെന്നു സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍, ഒന്നില്‍ കൂടുതല്‍ അക്രമികളുണ്ടെന്നും അവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
ഔട്ട്ഡോർ ഇവന്റിൽ നടന്ന ദുരന്തത്തിൽ ഞങ്ങള്‍ ഞെട്ടിപ്പോയെന്ന് ഇവന്റിന്റെ സംഘാടകരായ ഹൂഡ്-നിക് ഫൗണ്ടേഷന്റെ വാലസ് മക്ഗീ പ്രാദേശിക ടെലിവിഷൻ സ്റ്റേഷനായ KARK-നോട് പറഞ്ഞു. 16 വർഷമായി ഒരു അനിഷ്ട സംഭവവും കൂടാതെ
ഇവന്റ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരിൽ കുട്ടികളുമുണ്ടെന്ന് പോലീസ് പറഞ്ഞതായി പ്രാദേശിക സിബിഎസ് അഫിലിയേറ്റ് റിപ്പോർട്ട് ചെയ്തു.
ഗൺ വയലൻസ് ആർക്കൈവ് വെബ്‌സൈറ്റ് പറയുന്നതനുസരിച്ച്, ആത്മഹത്യകൾ ഉൾപ്പെടെ തോക്കുകള്‍ ഉപയോഗിച്ചുള്ള കൂട്ട വെടിവെയ്പില്‍ ഏകദേശം 40,000 മരണങ്ങള്‍ പ്രതിവർഷം അമേരിക്കയില്‍ നടക്കുന്നുണ്ട്.
വികലമായ തോക്ക് നിയമങ്ങള്‍ ആയുധങ്ങൾ വഹിക്കാനുള്ള അവകാശവും പ്രചാരത്തിലുള്ള ആയുധങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ആവർത്തിച്ച് തടസ്സപ്പെടുത്തിയിട്ടുണ്ട്. ഭൂരിഭാഗം അമേരിക്കക്കാരും കൂടുതൽ നിയന്ത്രണങ്ങൾ വേണമെന്ന് ശഠിച്ചിട്ടും ഇത് സംഭവിക്കുന്നു.