ഫിലഡല്‍ഫിയ: സൗത്ത് ഫിലഡല്‍ഫിയ ഇന്റര്‍സ്റ്റേറ്റ് 95 ല്‍ തിങ്കളാഴ്ച രാവിലെ ഒരു വഴിയാത്രക്കാരനെ സഹായിക്കുകയായിരുന്ന രണ്ടു പെന്‍സില്‍വാനിയ സ്റ്റേറ്റ് ട്രൂപ്പര്‍മാരെ അതിവേഗം വന്നിരുന്ന ഒരു വാഹനം ഇടിച്ചു തെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റു ഇരുവരും വഴിയാത്രക്കാരനും പിന്നീട് മരിച്ചതായി അധികൃതര്‍ അറിയിച്ചു.
മാര്‍ട്ടിന്‍ എഫ് മാക്ക് (33), ബ്രാന്‍ഡന്‍ ടി ഡിസിക്ക (29) എന്നിവരാണ് മരിച്ച ട്രൂപ്പര്‍മാര്‍. ഇവര്‍ സഹായിച്ച വഴിയാത്രക്കാരനും മരിച്ചെങ്കിലും പേരുവിവരം പുറത്തുവിട്ടിട്ടില്ല.
ഐ.95 സൗത്തില്‍ ഒരാള്‍ നടന്നുവരുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ സഹായിക്കാന്‍ സ്ഥലത്തെത്തിയത്. ഇയാളേയും കൂട്ടി പോലീസ് വാഹനത്തില്‍ മടങ്ങുന്നതിനിടയില്‍ അതിവേഗം പാഞ്ഞുവന്നിരുന്ന കാറാണ് മൂന്നു പേരേയും ഇടിച്ചു വീഴ്ത്തിയത്. ഇവരുടെ വാഹനത്തിനും, കാറിനും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തിനുശേഷം കാര്‍ ഓടിച്ചിരുന്ന സ്ത്രീ വാഹനം അവിടെ തന്നെ നിര്‍ത്തിയിരുന്നു.
സംഭവസ്ഥലത്തു ഓടിയെത്തിയവര്‍ ട്രൂപ്പര്‍മാര്‍ക്ക് സി.പി.ആര്‍. നല്‍കിയിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 141 കാഡറ്റ് ക്ലാസ്സില്‍ നിന്നുള്ള ഗ്രാഡുവേററാണ് മാര്‍ട്ടിന്‍ മാക്ക്, 161 കാഡറ്റ് ക്ലാസ്സില്‍ നിന്നുള്ള ഗ്രാഡുവേറ്റാണ് ബ്രാന്‍ഡന്‍ സിസിക്ക. ഇരുവരും ഫിലഡല്‍ഫിയ ട്രൂപ്പു കെ.പെട്രോള്‍ വിഭാഗത്തില്‍ ജോലി ചെയ്തു വന്നവരായിരുന്നു.
ഗവര്‍ണ്ണര്‍ ടോം വുള്‍ഫ് ഇരുവരുടെയും വിയോഗത്തില്‍ അനുശോചിക്കുകയും, സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളിലും പതാക പകുതി താഴ്ത്തികെട്ടുന്നതിനും ഉത്തരവിട്ടു.