കോട്ടയം: ജനങ്ങളെ ഭരിക്കുകയല്ല, അവരുടെ ഇഷ്ടംപോലെ അവരെ സേവിക്കുകയാണ് തദ്ദേശസ്ഥാപനങ്ങളുടെ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. നവകേരള തദ്ദേശ സ്വയംഭരണം 2022ന്റെ ഭാഗമായി മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ പാരിഷ് ഹാളിൽ ചേർന്ന തദ്ദേശസ്വയംഭരണ സ്ഥാപന അദ്ധ്യന്മാരുടെയും സെക്രട്ടറിമാരുടെയും യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ജനങ്ങൾക്ക് അർഹതപ്പെട്ട സേവനങ്ങൾ കൃത്യമായി ലഭ്യമാക്കാൻ നിയോഗിക്കപ്പെട്ടവരാണെന്ന ചിന്ത ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംരംഭകരെ നിയമപരമായി സഹായിക്കാൻ തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷരും സെക്രട്ടറിമാരും ശ്രദ്ധിക്കണം.
അവരെ സഹായിക്കണം. 37,000 ഉദ്യോഗസ്ഥർ തദ്ദേശസ്വയംഭരണ വകുപ്പിലുണ്ട്. ഭൂരിഭാഗവും ത്യാഗപൂർണമായി പ്രവർത്തിക്കുന്നവരാണ്. ന്യൂനപക്ഷമാണ് ജീർണമായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സർവീസിന് അപമാനം സൃഷ്ടിക്കുന്ന പണത്തിന്‍റെ ആർത്തിയുള്ള ജീർണങ്ങളെ തിരുത്തണം.
ഇവരെ തിരുത്താൻ ജനങ്ങളുടെ സമ്മർദം വേണം. ഇത്തരത്തിലുള്ളവരെ തുറന്നുകാട്ടാൻ ജനപ്രതിനിധികൾ ആർജ്ജവം കാട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷയായി. ജില്ല കലക്ടർ ഡോ. പി.കെ. ജയശ്രീ, പി.വി. സുനിൽ, അജയൻ കെ. മേനോൻ, ബിൻസി സെബാസ്റ്റ്യൻ, കെ.കെ. രഞ്ജിത്ത്, കെ.സി. ജെയിംസ്, സൈനമ്മ ഷാജു, ഡോ. ഷർമ്മിള മേരി ജോസഫ്, ബിനു ജോൺ എന്നിവർ സംസാരിച്ചു.