തിരുവനന്തപുരം: മാല പൊട്ടിച്ച കേസില്‍ ഉള്‍പ്പെട്ടവരെക്കുറിച്ച് രഹസ്യ വിവരം നല്‍കിയ പോലീസ് ഉദ്യോഗസ്ഥയുടെ ഭർത്താവിനെ വീട്ടിൽ കയറി ആക്രമിച്ച ശേഷം ഒളിവിൽ പോയ സംഘാംഗങ്ങളെ പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങമല സ്വദേശികളായ അനു എന്ന സുമേഷ് (20), അൻസിൽ (21), രതീഷ് (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരെക്കുറിച്ച് പോലീസിന് വിവരം നല്‍കിയ വൈരാഗ്യമാണ് ആക്രമിക്കാന്‍ കാരണമെന്ന് പറയുന്നു.
മലമ്പറക്കോണത്തെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയ ശേഷം പ്രതികള്‍, കടയുടമയായ സ്‌ത്രീയുടെ സ്വർണമാല പൊട്ടിച്ചുകടന്നതാണ് സംഭവം. പ്രതികളിലൊരാളുടെ മോട്ടോര്‍ ബൈക്കിലാണ് മൂന്നുപേരും കൃത്യം നിര്‍വഹിക്കാന്‍ എത്തിയത്. നാലാം പ്രതി പെരിങ്ങമല സ്വദേശി റിയാസിന്‍റെ (26) സഹായത്തോടെ മടത്തറ, പാലോട് എന്നിവിടങ്ങളിലെ വിവിധ ജ്വല്ലറികളിൽ സ്വര്‍ണം വിറ്റു.
കുറ്റകൃത്യത്തിന് ശേഷം പ്രതികൾ ആഡംബര വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് വിലസി നടക്കുകയായിരുന്നു. ഇന്നോവ കാറിൽ പ്രതികൾ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പാലോട് എസ്ഐ നിസാറുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിന്തുടരുകയായിരുന്നു. ഇതിനിടെ പെരിങ്ങമലയിൽവച്ച് പൊലീസ് ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞ് എസ്.ഐയ്ക്ക് പരിക്കേറ്റു. തുടർന്ന്, സ്ഥലത്തുനിന്നും രക്ഷപ്പെട്ട ഇവരെ കൊല്ലം ജില്ലയില്‍വച്ച് കൊട്ടിയം പൊലീസിന്‍റെയും നാട്ടുകാരുടെയും സഹായത്തോടെ പാലോട് സി.ഐയും സംഘവും പിടികൂടുകയായിരുന്നു.
മോഷ്ടിച്ച മാലയും കുറ്റകൃത്യത്തിന് ഉപയോഗിച്ച ബൈക്കും പോലീസ് കണ്ടെടുത്തു. പ്രതികൾ നെടുമങ്ങാട്, പാലോട്, വെഞ്ഞാറമ്മൂട്, പോലീസ് സ്റ്റേഷനുകളിൽ വിവിധ മാല പൊട്ടിക്കല്‍ കേസുകളിൽ പ്രതികളാണ്. ഈ കേസില്‍പ്പെട്ട് ഒളിവില്‍ കഴിയുന്നതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തുനിന്നും ഇവര്‍ ബുള്ളറ്റ് മോഷ്‌ടിച്ചിരുന്നതായും പൊലീസ് പറഞ്ഞു. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ കറങ്ങി നടന്ന പ്രതികള്‍ ഈ ബുള്ളറ്റ് നെടുമങ്ങാട് ഭാഗത്ത് ഉപേക്ഷിച്ചെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.