ഹ്യൂസ്റ്റണ്‍: മലയാളി അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിഹിന്ദൂസ് (മന്ത്ര) ഹ്യൂസ്റ്റണിൽ നടത്തിയ കുടുംബ സംഗമം അടുത്ത വർഷം ജൂലൈയിൽ നടക്കുന്ന വിശ്വ ഹിന്ദു സമ്മേളനത്തിന്റെ ഒരുക്കങ്ങളിലേക്കുള്ള കേളികൊട്ടായി മാറി. സംഘടനയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ പ്രസിഡന്റ് ഹരി ശിവരാമൻ, ട്രസ്റ്റീ ചെയർ ശശിധരൻ നായർ, സെക്രട്ടറി അജിത് നായർ എന്നിവർ വിശദീകരിച്ചു. പുതിയ സംഘടന, പുത്തൻ ദിശാബോധത്തോടു കൂടി മുന്നോട്ടു പോകുമ്പോൾ ഹ്യുസ്റ്റണിലെ പ്രബുദ്ധരായ മലയാളി ഹൈന്ദവ സമൂഹത്തിന്റെ അകൈതവമായ പിന്തുണ പ്രതീക്ഷിക്കുന്നതായി ഹരി അഭിപ്രായപ്പെട്ടു. ഒരു സംഘടന എന്ന നിലയിൽ വളരെ പെട്ടെന്ന് തന്നെ ജനഹൃദയങ്ങൾ കീഴടക്കാൻ കഴിഞ്ഞ മന്ത്രയുടെ അനേകം കർമ്മ പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നതായി ശശിധരൻ നായർ അറിയിച്ചു. ഹ്യുസ്റ്റണിലെ സമ്മേളനം വിജയകരമായി നടത്താൻ വിവിധ കമ്മിറ്റികളുടെ ഏകോപനത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി അജിത് നായർ വിശദീകരിച്ചു.
കൺവന്‍ഷൻ രജിസ്ട്രേഷൻ മികച്ച രീതിയിൽ മുന്നേറുന്നതായി ചെയർ കൃഷ്ണൻ കേശവൻ അറിയിച്ചു. ഒരേ സമയം ആത്മീയവും സാംസ്കാരികവും ആയ ഉന്നത നിലവാരം പുലർത്തുന്ന പരിപാടികൾ അരങ്ങിലെത്തിക്കാൻ പ്രതിജ്ഞാബദ്ധരായ ഒരു ടീം ആയി പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഏറ്റവും മേന്മയുള്ള കലാപരിപാടികൾ സമ്മേളനത്തിന് ഒരുക്കും.
വിജയകരമായ കൺവന്‍ഷൻ നടത്തിപ്പിനായി വിവിധ കമ്മിറ്റികളിൽ സുരേഷ് കരുണാകരൻ, സുനിൽ നായർ, ശ്രീമതി രമാ പിള്ള, ശ്രീമതി നിമ്മി കുറുപ്പ്, സുബിൻ എന്നിവരുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങൾ നടന്നുവരുന്നു. വരുംമാസങ്ങളിൽ അതിന്റെ വിശദവിവരങ്ങൾ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.