ഈശ്വരൻ കനിഞ്ഞു നൽകിയ അനുഗ്രഹവും സമ്പത്തുമാണ് മക്കളെന്നു ചിന്തിക്കുന്ന എത്ര മാതാപിതാക്കളുണ്ട്? അങ്ങനെയുള്ളവരെയാണ് സമ്പന്നമായ മാതാപിതാക്കളുടെ പട്ടികയിൽ ആദ്യമായി ഉൾപ്പെടുത്തേണ്ടത് . കുഞ്ഞുങ്ങളെ ജീവനു തുല്യം സ്നേഹിക്കുകയും അവർക്ക് വേണ്ടി എത്രമാത്രം ത്യാഗങ്ങൾ സഹിക്കാമോ അത്രയും സഹിച്ചിട്ടും പരിഭവമില്ലാതെ അതിൽ നിന്നും ആനന്ദവും സംതൃപ്‌തിയും കണ്ടെത്തുന്ന ധാരാളം മാതാപിതാക്കന്മാരും ഈ കാലഘട്ടത്തിൽ ഉണ്ടെന്നുള്ളതും വിസ്മരിക്കാനാവില്ല.
മക്കളെ വളർത്തുന്നത് വലിയ ബുദ്ധിമുട്ടും ചിലവുമാണെന്ന് മാത്രമല്ല തങ്ങളുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതും, ഹനിക്കുന്നതും, ലക്ഷ്യപ്രാപ്തിക്കു തടസ്സമുണ്ടാക്കുന്നുവെന്നും ചിന്തിക്കുന്ന ചില ദമ്പതിമാരും ഇല്ലാതില്ല.
ഇത്തരത്തിൽ വ്യത്യസ്തങ്ങളായ ചിന്താഗതികൾ വച്ചു പുലർത്തുന്ന, അമൂല്യ സ്നേഹത്തിന്റെ ആഴം പരസ്‌പരം തിരിച്ചറിയാനാകാതെ ഇരുട്ടിൽ തപ്പിത്തടയുന്ന മാതാപിതാക്കന്മാരോ , ദമ്പതിമാരോ കുട്ടികളോ ഉൾകൊള്ളുന്ന ഒരു സമൂഹത്തിലാണ് നാം ഇന്ന് അധിവസിക്കുന്നത്.
ഒരിക്കൽ ഒരു ഭാര്യയും ഭർത്താവും ഇപ്രകാരം പറയുന്നത് കേൾക്കാനിടയായി ഞങ്ങൾ വിവാഹിതരായിട്ടു പതീറ്റാണ്ടുകൾ പിന്നിട്ടു. ഞങ്ങൾക്ക് ദൈവം കനിഞ്ഞു നൽകിയതാണ് മക്കൾ . അവരെ സന്തോഷത്തോടും ഏറെ അഭിമാനത്തോടും വ ളർത്തുന്നതിനും,ആത്മീകവും ഭൗതീകവുമായ തലങ്ങളിൽ ഏറ്റവും ഉയർന്ന വിദ്യാഭ്യാസം നൽകുന്നതിനും കഴിഞ്ഞു .അവരുടെയെല്ലാം വിവാഹം യഥാസമയം നല്ലനിലയിൽ നടത്തുന്നതിനും അവസരം ലഭിച്ചു . ദീഘകാലം കഠിനാദ്ധ്വാനം ചെയ്തതിനു ശേഷം ജോലിയിൽ നിന്ന് വിരമിച്ചു വിശ്രമജീവിതം നയിക്കുന്നു .ഞങ്ങൾക്ക് കൊച്ചുമക്കൾ ഉണ്ട് . ഞങ്ങൾ യഥാർത്ഥത്തിൽ അനുഗ്രഹീതരാണ് .ഞങ്ങളുടെ കുട്ടികൾക്കു വിദ്യാഭ്യാസം നൽകുന്നതിന്നും അവരുടെ ഭാവിജീവിതം ഭാസുരമാകുന്നതിനു ഞങ്ങളുടെ അദ്ധ്വാനവും അതിലൂടെ സമ്പാദിച്ച പണവുമെല്ലാം ഉപയോഗികേണ്ടിവന്നു .ഭൗതീകമായി നോക്കുമ്പോൾ ഞങ്ങൾ ഇപ്പോൾ സമ്പന്നർ അല്ലായെന്നു സമ്മതിക്കുന്നു . എത്ര സമ്പത്ത് ഉണ്ടായാലും ഇല്ലെങ്കിലും കൊച്ചു മക്കളിൽ നിന്ന് ലഭിക്കുന്ന ഒരു ചുംബനത്തിന്റെ വില അതിനില്ലെന്ന യാഥാർഥ്യം ഞങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. .
.
കുഞ്ഞുങ്ങൾ ജനിക്കുന്നത് അപകടകരമാണ് എന്ന് ചിന്തിക്കുന്ന ചിലരെങ്കിലും സമൂഹത്തിലുണ്ടെന്നു പറഞ്ഞാൽ അത് നിഷേധിക്കാനാകില്ല . ആവോളം സ്നേഹം നൽകി വളർത്തിയാൽ പോലും മക്കൾ അത് തിരിച്ചറിയാനാകാതെ സ്വസ്ഥതയും ഹൃദയ സന്തോഷവും തകർത്തു കളയുന്നതിനുള്ള സാധ്യതകളാണ് ഇതിനുള്ള തടസ്സമായി അവർ ചൂണ്ടിക്കാണിക്കുന്നത്.
ചെറുപ്പത്തിൽ പറഞ്ഞുകേട്ട ഒരു സംഭവ കഥ ഇവിടെ ചേർക്കുന്നത് ഉചിതമായിരിക്കും പിതാവില്ലാതെ മാതാവിന്റെ ശിക്ഷണത്തിൽ വളർത്തപ്പെട്ട ഏക മകൻ. യുവത്വത്തിലേക്കു പ്രവേ ശിച്ചതോടെ സുന്ദരിയായ യുവതിയോട് കലശലായ പ്രേമം യുവതി അതിൽ വലിയ താല്പര്യമൊന്നും പ്രകടിപ്പിച്ചില്ല . യുവാവിന്റെ ശല്യം സഹിക്കവയാതായപ്പോൾ ഒരു നിർദേശം വെച്ചു . നിർദേശം നടപ്പാക്കാൻ യുവാവിനു കഴിയില്ല അങ്ങനെയെങ്കിലും അവനെ ഒഴിവാക്കാമല്ലോ എന്നായിരുന്നു അവർ കരുതിയത് , ഇതായിരുന്നു നിർദേശം “നീ സ്നേഹിക്കുന്ന നിന്റെ മാതാവിന്റെ ഹ്രദയം എന്റെ മുൻപിൽ കൊണ്ടുവന്നാൽ” ഞാൻ വിവാഹത്തിനു സമ്മതിക്കാം .ഇതുകേട്ട യുവാവ് വളരെ ദുഃഖിതനായി. പ്രേമമെന്ന വികാരം വിവേകത്തെ മറികടന്നപ്പോൾ അവൻ ഓടി വീട്ടിൽ എത്തി. രുചികരമായ ഭക്ഷണവും തയാറാക്കി മകൻറെ വരവും പ്രതീക്ഷിച്ചു വീടിനു മുൻപിൽ കാത്തിരുന്ന മാതാവിനെ പെട്ടെന്ന് കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തി വീഴ്ത്തി നെഞ്ച് നെടുകെ കീറി പിളർന്നു പറിച്ചെടുത്ത ഹ്രദയവും കൈയിലേന്തി അവൻ കാമുകിയുടെ വീട്ടിലേക്കു അതിവേഗം ഓടി . അവിടെ എത്തിച്ചേരണമെങ്കിൽ ചെറിയൊരു കാനന പാത പിന്നീടണം. വ ഴിയിൽ കുറുകെ കിടന്നിരുന്ന ഒരു മരക്കമ്പിൽ തട്ടി യുവാവ് മറിഞ്ഞുവീണു .സമയം ഇരുട്ടിത്തുടങ്ങിയിരുന്നു .വീഴ്ചയിൽ പരിക്കേറ്റിരുന്നുവെങ്കിലും എവിടെയോ തെറിച്ചുപോയ തന്റെ കയ്യിലുണ്ടായിരുന്ന ചോരതുടിക്കുന്ന അമ്മയുടെ ഹ്രദയം കണ്ടെത്താനാകാതെ യുവാവ് വിഷമിച്ചു . ഉടനെ എവിടെനിന്നോ ഒരു ശബ്‍ദം മോനെ നിനക്ക് എന്ത് പറ്റി ഞാൻ ഇവിടെത്തന്നെയുണ്ട് .കാലിൽ നിന്നും തലയിൽ നിന്നും രക്തം കൈയിൽ വരുന്നല്ലോ . ശബ്‍ദം കേട്ട ദിക്കിലേക്ക് അവൻ എത്തിയപ്പോൾ അതാ കിടക്കുന്നു അമ്മയുടെ ഹ്രദയം !. മരണത്തിലും മകനെക്കുറിച്ചു കരുതലുള്ള മാതാവ്.പല കുട്ടികളും തിരിച്ചറിയാതെ പോകുന്ന മാതൃസ്നേഹത്തിന്റെ ആഴം വെളിപ്പെടുത്തുന്ന സംഭവം .
.നിനച്ചിരിക്കാത്ത സന്ദർഭങ്ങളിൽ നാം അറിയാതെ തന്നെ നമ്മുടെ കുട്ടികൾ ചെറുപ്പത്തിൽ അവരെ അഭ്യസിപ്പിച്ച ശരിയായ പാതകളിൽ നിന്നും വ്യതിചലിച്ചു ദോഷ വഴികളിലേക്കും ,കൂട്ടുകെട്ടുകളിലേക്കും തിരിഞ്ഞു പോയെന്നു വരാം. അതിനു അവരെ പ്രേരിപ്പിക്കുന്നതോ അവർ ചൂണ്ടികാണിക്കുന്നതോ ആയ സാഹചര്യങ്ങൾ വ്യത്യസ്തങ്ങളായിരിക്കാം . ഒരുപക്ഷെ മാതാപിതാക്കൾക്ക് പോലും അത് കണ്ടെത്തുന്നതിനോ പരിഹാരം നിര്ദേശിക്കുന്നതിനോ കഴിയുന്നതിനു മുൻപേ അത് സംഭവിച്ചിരിക്കാം . .എന്നാൽ ദൈവഭയത്തിലും മാതൃകാപരമായും ജീവിക്കുന്ന മാതാപിതാക്കളെ സമ്പന്ധിച്ചു കുഞ്ഞുങ്ങളെ ദൈവം നൽകിയ അവകാശമായി തന്നെ സ്വീകരിക്കുകയും നമ്മുടെ പ്രാർത്ഥന കൊണ്ട് അവരെ വലയം ചെയ്യുകയുമാണ് കരണീയമായിട്ടുള്ളത് . കുടുംബജീവിതത്തിന്റെ പരിഹരിക്കുവാൻ സാധ്യമല്ലെന്നു തോന്നിക്കുന്ന വെല്ലുവിളികളിലൂടെ നാം കടന്നുപോകുമ്പോൾ നമ്മുടെ സ്വാർത്ഥതയെ നമുക്ക് കീഴടക്കുവാൻ കഴിയണം അങ്ങനെയെങ്കിൽ അപകടകരമായ ഈ ദൗത്യം ഏറ്റെടുക്കുന്നതിലൂടെ തക്കതായ പ്രതിഫലം ലഭിക്കുക തന്നെ ചെയ്യും .
മാതാപിതാക്കന്മാരെ എന്ന നിലയിൽ ദൈവിക മാനദണ്ഡങ്ങള്ക്കനുസൃതമായി നമ്മുടെ സമ്പത്തിനെ വിലയിരുത്തുകയും ദൈവം നമുക്ക് നൽകിയിട്ടുള്ള മക്കൾ ആകുന്ന അനുഗ്രഹിക്കപ്പെട്ട അവകാശത്തിനായി അവനെ നിത്യം സ്തുതിക്കുകയും ചെയ്യണം .നാം ആഗ്രഹിക്കുന്ന ആത്മീയ നിലവാരത്തിൽ അവർ ആയി തീർന്നിട്ടില്ല എങ്കിൽ തന്നെയും നമ്മുടെ ദിനംപ്രതിയുള്ള പ്രാർത്ഥനകൊണ്ടും സ്നേഹപൂർണമായ കരുതൽ കൊണ്ടും അവർ ദൈവം നമുക്ക് നൽകിയ പ്രത്യേക പ്രതിഫലം ആകുന്നു എന്ന് വെളിപ്പെടുത്തുന്ന നമ്മുടെ വാക്കുകളും നടപടികളും കൊണ്ടും ആ അവകാശത്തെ നമുക്ക് സംരക്ഷിക്കാം അങ്ങനെ ചെയ്താൽ കാലം ചെല്ലുമ്പോൾ നാം യഥാർത്ഥത്തിൽ വളരെ സമ്പന്നരാകുന്നുവെന്നു നമുക്ക് തന്നെ അനുഭവവേദ്യമാകുവാൻ കഴിയും .
ഈ ഭൂമിയിലായിരിക്കുമ്പോൾ നാം ചെയ്ത പ്രവർത്തികൾ ഒഴികെ മറ്റു യാതൊന്നും തന്നെ മരണത്തിനപ്പുറത്തേക്കു നമ്മെ പിന്തുടരുകയില്ല ..എന്നാൽ മരണാനന്തരം ഒരു ജീവിതം ഉണ്ടെന്നും ഞാനും അതിനൊരു അവകാശിയാണെന്ന് പൂർണ വിശ്വാസവും ഉറപ്പും ലഭിച്ചവർക്ക് കൂടെ കൊണ്ടുപോകാൻ കഴിയുന്ന സമ്പത്തു ഏതെന്നു ചോദിച്ചാൽ ഉത്തരമായി പറയാൻ കഴിയണം . ഒന്നാമതായി ദൈവീക ദാനമായി നമ്മെ ഏല്പിച്ച നമ്മുടെ കുഞ്ഞുങ്ങൾ , രണ്ടാമതായി സ്നേഹത്തിലധിഷ്ടിതമായ പ്രവർത്തനങ്ങളിലൂടെയും , മാതൃകാപരമായ ജീവിതത്തിലൂടെയും, ആരെയെല്ലാം ഈശ്വരനിലേക്കു ആദായപെടുത്തുവാൻ കഴിഞ്ഞിട്ടുണ്ടോ അവരെയും മാത്രമാണെന്ന്! .ഈ തിരിച്ചറിവ് ആർക്കു ലഭിക്കുന്നുവോ അവർക്കു മാത്രമേ അമൂല്യ സ്നേഹത്തിന്റെ ആഴം തിരിച്ചറിഞ്ഞു അന്ധകാരത്തിൽ തപ്പിതടയാതെ അത്ഭുത പ്രകാശത്തിലേക്ക് പ്രവേശിക്കാനാകു.