കോവിഡ്: നോവവാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി; മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസെടുക്കേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ നിര്‍ണായക തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. കോവിഡ് വാക്‌സിനായ നോവവാക്‌സിന് അടിയന്തര ഉപയോഗത്തിന് ഡിസിജിഐ (ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ) അനുമതി നല്‍കി. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ഇനി മുതല്‍ കേസെടുക്കേണ്ടെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

12നും 18 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കുത്തിവയ്ക്കാനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന നോവവാക്‌സിന് അനുമതി നല്‍കിയത്. രാജ്യത്ത് അനുമതി ലഭിക്കുന്ന നാലാമത്തെ വാക്‌സിനാണിത്. അമേരിക്കന്‍ മരുന്ന് നിര്‍മാണ കമ്പനിയായ നോവവാക്‌സ് ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി നേരത്തേ ധാരണയിലെത്തിയിരുന്നു. വരും ദിവസങ്ങളില്‍ പുതിയതായി അനുമതി ലഭിച്ച വാക്‌സിന്‍ വിതരണം ചെയ്ത് തുടങ്ങും.

പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി കേസെടുക്കേണ്ടെന്നാണ് കേന്ദ്ര നിര്‍ദേശം. ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ആള്‍ക്കൂട്ടം, കോവിഡ് നിയന്ത്രണലംഘനം എന്നിവയ്ക്കും ഇനി കേസുണ്ടാകില്ല. കഴിഞ്ഞ ഏഴാഴ്ചയായി രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ണായക തീരുമാനം.

 

 

Print Friendly, PDF & Email

Leave a Comment

More News