തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കമ്മീഷന് ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. പദ്ധതിയില്‍ 10 ശതമാനം കമ്മീഷനാണ് പിണറായിയുടെയും സിപിഎമ്മിന്റെയും ലക്ഷ്യമെന്ന് സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു. കെ റെയില്‍ മണി പൊളിറ്റിക്സെന്നും സുധാകരന് ആരോപിച്ചു. പദ്ധതി നടപ്പാക്കാന്‍ ഒരു കാരണവശാലും സമ്മതിക്കില്ല. ജനങ്ങളുടെ പിന്തുണയുണ്ടോയെന്ന് അറിയാന്‍ സര്‍വേ നടത്തണം. സര്‍വേ വിജയമെങ്കില്‍ പ്രതിപക്ഷം സഹകരിക്കാമെന്നും സുധാകരന് പറഞ്ഞു.
അതേസമയം, കെ റെയില്‍ കല്ലിടലിനെതിരേ ഇന്നും സംസ്ഥാന വ്യാപക പ്രതിഷേധം. ചോറ്റാനിക്കര തിരുവാണിയൂരില്‍ സര്‍വേയ്ക്കെതിരേ നാട്ടുകാര്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തി. കിടങ്ങയത്ത് പാടത്ത് കല്ലിടാനുള്ള ശ്രമത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. അതിരടയാള കല്ല് പിഴുതെടുത്ത് പ്രവര്‍ത്തകര്‍ കുളത്തിലെറിയുകയും ചെയ്തു.