മുംബൈ: യുഎസിൽ നിന്നുള്ള എൻആർഐ അയൽക്കാരനായ കേതൻ ആർ കക്കാടിനെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് മെഗാസ്റ്റാർ സൽമാൻ ഖാൻ നൽകിയ ഹർജി മുംബൈ കോടതി ബുധനാഴ്ച തള്ളി.
റായ്ഗഡിലെ പൻവേലിലുള്ള നടന്റെ 100 ഏക്കർ ഫാം ഹൗസിൽ നടക്കുന്ന നിയമലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്യുന്നതിൽ നിന്നും അപ്ലോഡ് ചെയ്യുന്നതിൽ നിന്നും കക്കാടിനെ തടയണമെന്നാണ് സൽമാൻ ഖാന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
സെഷൻസ് ജഡ്ജി എ. എച്ച്. ലദ്ദാദ് രണ്ട് മാസത്തോളമായി ഓൺലൈനിലും, നേരിട്ടുമുള്ള വിചാരണകളില്‍ ഇരുപക്ഷത്തിന്റെയും അഭിഭാഷകരെ ദീർഘനേരം കേട്ടതിനു ശേഷമാണ് ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ആഭാ സിംഗ്, ആദിത്യ പ്രതാപ് ലോ ഓഫീസിലെ ആദിത്യ പ്രതാപ് എന്നിവരടങ്ങുന്ന കക്കാടിന്റെ അഭിഭാഷക സംഘവും, സൽമാന്റെ അഭിഭാഷകരായ പി.ഡി.ഘണ്ടി & ഡി.എസ്.കെ. ലീഗല്‍ എന്നിവരും ഈ വിഷയത്തിൽ ആഴ്ചകളോളം വാദിച്ചു.
മതേരൻ ഇക്കോ സെൻസിറ്റീവ് സോൺ വിജ്ഞാപനത്തിൽ ഉൾപ്പെടുന്ന തന്റെ പൻവേൽ ഫാം ഹൗസിൽ, സൽമാൻ എങ്ങനെയാണ് അനധികൃത നിര്‍മ്മാണം നടത്തിയതെന്ന് ചൂണ്ടിക്കാട്ടി കക്കാട് ഉന്നയിച്ച ആരോപണങ്ങളിൽ കാര്യമായ സത്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി സിംഗും പ്രതാപും വാദിച്ചു.
ജനുവരി പകുതിയോടെ, അയൽവാസികളായ സൽമാനും കക്കാടും തമ്മിൽ സോഷ്യൽ മീഡിയ കമന്റുകളുടെ പേരിൽ വൻ തർക്കം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇത് ബോളിവുഡിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ വിവാദങ്ങൾ സൃഷ്ടിച്ചു.
കക്കാടിനെതിരെ സിവിൽ മാന നഷ്ടക്കേസ് ഫയല്‍ ചെയ്ത് സൽമാൻ തിരിച്ചടിക്കുകയും ഗൂഗിൾ യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ, മറ്റ് സോഷ്യൽ പ്ലാറ്റ്ഫോം എന്നിവരെ കക്ഷികളാക്കുകയും, കേസിന്റെ വിധി വരുന്നതുവരെ ആക്ഷേപകരമായ പ്രസ്താവനകൾ പോസ്റ്റു ചെയ്യുന്നതിൽ നിന്ന് തന്റെ അയൽക്കാരനെ തടയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.