കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് ദിലീപിന്റെ കൈവശമെത്തിച്ചത് ബാലചന്ദ്രകുമാര്‍ പറഞ്ഞ വിഐപി ശരത്ത് തന്നെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇയാളെ കഴിഞ്ഞ ദിവസം രഹസ്യ കേന്ദ്രത്തിൽ വെച്ച് അന്വേഷണ സംഘം ചോദ്യം ചെയ്തതായി ഒരു മലയാളം ചാനൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബാലചന്ദ്രകുമാറാണ് കേസിലെ വിഐപിയെക്കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്. താന്‍ ദിലീപിന്റെ വീട്ടിലുണ്ടായിരുന്ന സമയത്ത് ‘ഇക്ക’ എന്ന് ദിലീപും കാവ്യയും വിളിക്കുന്ന ഒരാൾ ദിലീപിന്റെ വീട്ടിലെത്തി പെൻഡ്രൈവ് ദിലീപിന് കൈമാറിയതായി ബാലചന്ദ്രകുമാർ വെളിപ്പെടുത്തി.
ഒരു വിഐപിയെ പോലെയാണ് അയാള്‍ പെരുമാറിയതെന്നും, ലാപ്ടോപ്പില്‍ പെൻഡ്രൈവ് ഘടിപ്പിച്ച ശേഷം പൾസർ സുനിയുടെ ക്രൂരത കാണാൻ ദിലീപ് ക്ഷണിച്ചെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. തുടര്‍ന്ന് വിഐപിക്കുള്ള അന്വേഷണം പോലീസ് സംഘം ഊര്‍ജിതമാക്കിയിരുന്നു. നേരത്തേ ദിലീപ് വിഐപിയെന്ന് വിശേഷിപ്പിച്ചത് വ്യവസായിയായ കോട്ടയം സ്വദേശി മെഹബൂബ് ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഇക്കാര്യം മെഹബൂബ് തള്ളിയിരുന്നു.
ഇതിന് പിന്നാലെ ദിലീപിന്റെ ഉറ്റസുഹൃത്ത് കൂടിയായ ശരതിലേക്ക് അന്വേഷണം സംഘം എത്തുകയാണുണ്ടായത്. അന്വേഷണത്തിന്റെ ഭാഗമായി ശരതിന്റെ വീട്ടില്‍ പോലീസ് സംഘം റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ തനിക്ക് കേസില്‍ യാതൊരു ബന്ധവുമില്ലെന്നായിരുന്നു ശരത് ആവര്‍ത്തിച്ചത്. അതേസമയം വിഐപി ശരത് തന്നെയാണ് പോലീസ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. പോലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങള്‍ കാണിച്ചതോടെ സംവിധായകന്‍ ബാലചന്ദ്രകുമാറാണ് ശരത്തിനെ തിരിച്ചറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.
കേസില്‍ ദിലീപിന്റെ ഭാര്യയായ കാവ്യ മാധവനേയും അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. ദിലീപിന്റെ വീട്ടില്‍ എത്തിയപ്പോള്‍ കാവ്യയും ശരത്തും തമ്മില്‍ നടത്തിയ സംഭാഷണം സംബന്ധിച്ചായിരിക്കും അന്വേഷണ സംഘം ചോദിച്ചറിയുക. ശരത് കാവ്യയെ കണ്ടപ്പോള്‍ ‘എന്തായി കാര്യങ്ങള്‍ നടന്നോ’ എന്ന് കാവ്യ ചോദിക്കുന്നതായുള്ള റെക്കോഡ് ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടിരുന്നു.
എന്തിനാണ് കാവ്യ ഇങ്ങനെ ചോദിച്ചതെന്ന് അന്വേഷണ സംഘം ചോദിച്ചേക്കും. കാവ്യയുടെ ലക്ഷ്യയിലെ സ്ഥാപനത്തിലാണ് ദൃശ്യങ്ങൾ ആദ്യം എത്തിച്ചതെന്ന സാക്ഷി സാഗറിന്റെ മൊഴിയെക്കുറിച്ചും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ദൃശ്യങ്ങൾ കണ്ട് ദിലീപ് കാവ്യയ്ക്ക് ടാബ് കൈമാറിയെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. അതിനാൽ കാവ്യയെയും ചോദ്യം ചെയ്യണമെന്ന് ബാലചന്ദ്രകുമാർ ആവശ്യപ്പെട്ടു.