ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്കി ഉത്തരവിറക്കുമെന്ന് സുപ്രീം കോടതി. മേല്‍നോട്ട സമിതിക്ക് അധികാരം നല്‍കുന്നത് സംബന്ധിച്ച് ശുപാര്‍ശ തയ്യാറാക്കാന്‍ കേരളത്തിനോടും തമിഴ്നാടിനോടും യോഗം ചേരാന്‍ കോടതി നിര്‍ദേശിച്ചു. പുതിയ അണക്കെട്ട് സംബന്ധിച്ച തീരുമാനം മേല്‍നോട്ട സമിതി എടുക്കട്ടെയെന്നും കോടതി വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ അണകെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കാനാണ് മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുന്നതെന്ന് ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നിലവില്‍ മേല്‍നോട്ട സമിതിക്ക് കാര്യമായ അധികാരമില്ലെന്ന് കേരളവും തമിഴ്നാടും സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കപ്പെടുന്നില്ലെന്ന് മേല്‍നോട്ട സമിതിയും കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തത്തിലാണ് മേല്‍നോട്ട സമിതി ശക്തിപ്പെടുത്തുനനത്തിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്.
നിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിനായി ഉടന്‍ സംയുക്ത യോഗം ചേരാനും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. യോഗത്തിന്റെ മിനുട്ട്സ് ചൊവ്വാഴ്ച്ച ഹാജരാക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്തരവിറക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സാങ്കേതിക വിദഗ്ദ്ധരെ കൂടി ഉള്‍പ്പെടുത്തി മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്ന് കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ഉത്തരവില്‍ ഇക്കാര്യത്തിലും വ്യക്തത വരുത്തുമെന്ന് കോടതി വ്യക്തമാക്കി.
മുല്ലപെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണോയെന്ന് തീരുമാനിക്കേണ്ടത് വിദഗ്ദ്ധര്‍ ആണെന്നും കോടതി വ്യക്തമാക്കി. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിന്ന് ഉയര്‍ത്തുന്നത് നിലവില്‍ പരിഗണനയില്‍ ഇല്ലെന്നും ബെഞ്ച് അറിയിച്ചു. പുതിയ അണകെട്ട് വേണമെന്ന ആവശ്യം ഇന്നും കോടതിയില്‍ കേരളം ഉന്നയിച്ചുവെങ്കിലും ഇക്കാര്യം മേല്‍നോട്ട സമിതിയാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എ.എം.ഖാന്‍വില്‍ക്കര്‍, അഭയ് എസ്. ഓക, സി.ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. കേരളത്തിന് വേണ്ടി സീനിയര്‍ അഭിഭാഷകന് ജയ്ദീപ് ഗുപ്ത, അഭിഭാഷകന് ജി.പ്രകാശ് എന്നിവരാണ് ഹാജരായത്. തമിഴ്നാടിന് വേണ്ടി സീനിയര്‍ അഭിഭാഷകന് ശേഖര്‍ നാഫ്ഡേ ഹാജരായി.