വാഷിംഗ്ടണ്‍: അമേരിക്കയുടെ ആദ്യ വനിതാ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മെഡലിന്‍ ആള്‍ബ്രൈറ്റ് (84) അന്തരിച്ചു. അര്‍ബുദ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു എന്ന് കുടുംബാംഗങ്ങള്‍
പറഞ്ഞു.
1996-ല്‍ അന്നത്തെ ബില്‍ ക്ലിന്റണ്‍ അഡ്മിനിസ്ട്രേഷനില്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു. അതിനു മുന്‍പ് യുണൈറ്റഡ് നേഷന്‍സിലെ യുഎസ് അംബാസഡറായും സേവനമനുഷ്ഠിച്ചു. 2001-ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച മെഡലിന്‍, അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയിലുള്ള വനിതയായിരുന്നു. 2012ല്‍ പ്രസിഡന്റ് ബറാക് ഒബാമ ഫ്രീഡം മെഡല്‍ നല്‍കി ആദരിച്ചിരുന്നു.
സ്ത്രീകളോട് ഏറ്റവും ഉയര്‍ന്ന രീതിയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വേണമെന്നു മെഡലിന്‍ ഉപദേശിച്ചിരുന്നു. മറ്റുള്ളവര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനു മുന്‍പു ചോദ്യങ്ങള്‍ ഉന്നയിക്കണമെന്ന് സ്ത്രീകളെ ഉപദേശിച്ചിരുന്നു.
1959-ല്‍ വെല്ലസ്ലി കോളജില്‍ നിന്നു ബിരുദവും, 1968ല്‍ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദാനന്തര ബിരുദവും, 1976ല്‍ പിഎച്ച്ഡിയും നേടിയിട്ടുണ്ട്.
ജിമ്മി കാര്‍ട്ടര്‍ അഡ്മിനിസ്ട്രേഷനില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗമായിരുന്നു. നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ജേണലിസ്റ്റായിരുന്ന ജോസഫ് ആള്‍ബ്രൈറ്റിനെയാണ് വിവാഹം കഴിച്ചത്. ഇവര്‍ക്ക് മൂന്ന് പെണ്‍ മക്കളുണ്ട്. 1983ല്‍ വിവാഹമോചിതയായി.
1937ല്‍ ചെക്കോസ്ലോവാക്കിയയിലെ പ്രേഗിലായിരുന്നു ജനനം. 1939ല്‍ കുടുംബാംഗങ്ങളുമായി യൂറോപ്പിലേക്കു കുടിയേറി. 1948-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. കൊളൊറാഡോയിലെ ഡെന്‍വറിലാണ് ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്.