ഒട്ടാവ (കാനഡ): കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡൊയുടെ ലിബറല്‍ പാര്‍ട്ടി ജഗ്‌മീത് സിംഗിന്റെ ന്യൂ ഡമോക്രാറ്റിക്ക് പാര്‍ട്ടിയുമായി (എന്‍ഡിപി) 2025 വരെ അധികാരത്തില്‍ തുടരുന്നതിന് ധാരണയായതായി മാര്‍ച്ച് 22ന് ജസ്റ്റിന്‍ ട്രുഡൊയുടെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ന്യൂനപക്ഷ പാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടിക്ക് 2025 വരെ അധികാരത്തില്‍ തുടരണമെങ്കില്‍ എന്‍.ഡി.പി.യുടെ പിന്തുണ ആവശ്യമാണ്. ആകെയുള്ള 338 സീറ്റില്‍ 159 സീറ്റ് മാത്രമാണ് ലിബറല്‍ പാര്‍ട്ടിക്കുള്ളത്. എന്‍.ഡി.പി.ക്ക് 25 സീറ്റും.
2022 മുതല്‍ 2025 വരെയുള്ള വര്‍ഷങ്ങളില്‍ നാല് ബഡ്ജറ്റ് സമ്മേളനങ്ങളാണ് നടക്കേണ്ടത്. ബഡ്ജറ്റ് സമ്മേളനങ്ങളില്‍ ആരെങ്കിലും അവിശ്വാസ പ്രമേയങ്ങള്‍ അവതരിപ്പിക്കുകയാണെങ്കില്‍ അതിനെ എതിര്‍ത്തു വോട്ടു ചെയ്യുന്നതിനും എന്‍ഡിപി, ലിബറല്‍ പാര്‍ട്ടികള്‍ സമ്മതിച്ചിട്ടുണ്ട്.
വളരുന്ന സാമ്പത്തികരംഗം, ഗ്രീന്‍ ജോബ്, കാലാവസ്ഥാ വ്യകതിയാനം തുടങ്ങിയ നയപരമായ വിഷയങ്ങളില്‍ സാധാരണ ജനങ്ങളുടെ ജീവിതക്ഷേമത്തിനുതകുന്ന തീരുമാനങ്ങള്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ആലോചിച്ചു തീരുമാനിക്കും. ശിശുക്ഷേമം, ഹെല്‍ത്ത്കെയര്‍, ഹൗസിംഗ് ഇതില്‍ ഉള്‍പ്പെടും.
ന്യൂ ഡെമോക്രാറ്റിക്ക് പാര്‍ട്ടി ലീഡറും ഇന്‍ഡോ-കനേഡിയനുമായ ജഗ്‌മീത് സിംഗ് നടത്തിയ വെര്‍ച്വല്‍ പ്രസ് കോണ്‍ഫറന്‍സില്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രുഡോയുമായി ഭരണത്തിനു പിന്തുണ നല്‍കുന്ന കരാറില്‍ ഒപ്പിട്ടതായി സ്ഥിരീകരിച്ചു.
നിലവില്‍ കനേഡിയന്‍ ഹൗസില്‍ 338 അംഗങ്ങളാണ് ആകെ ഉള്ളത്. ഇതില്‍ ന്യൂനപക്ഷ ഭരണകക്ഷിയായ ലിബറലിന് (159), കണ്‍സര്‍വേറ്റീവ് (119), ബ്ലോക്ക് ക്യുബികോയ്സ് (32), എന്‍.ഡി.പി (25), ഗ്രീന്‍പാര്‍ട്ടി (2), സ്വതന്ത്രര്‍ 1 എന്നിങ്ങനെയാണ് കക്ഷിനില. എന്‍.ഡി.പി.യുടെ പിന്തുണ ലഭിച്ചതോടെ ഭരണപക്ഷത്തിന് 184 അംഗങ്ങളുടെ പിന്തുണ ലഭിച്ചു.