ന്യൂയോർക്ക്: ന്യൂയോർക്കിൽ അമ്പതു വർഷത്തെ അര്‍ത്ഥപൂര്‍ണ്ണമായ സാന്നിധ്യം അടയാളപ്പെടുത്തിക്കൊണ്ട് അമേരിക്കൻ വൻകരയിലെ മലയാളി സംഘടനകളുടെ തറവാട് എന്ന് വിശേഷിക്കപ്പെടുന്ന കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നു. ഒക്ടോബർ 29 നു ന്യൂയോർക്കിൽ വച്ച് നടത്തപ്പെടുന്ന സുവർണ്ണജൂബിലി സമ്മേളനത്തിൽ കേരളത്തിൽനിന്നും അമേരിക്കയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നുമുള്ള പ്രമുഖ വ്യക്തികൾ പങ്കെടുക്കും. വൈവിധ്യം നിറഞ്ഞ കർമ്മപരിപാടികളുടെയും ആഘോഷങ്ങളുടെയും നടത്തിപ്പിനായി 50 പേരടങ്ങുന്ന വിപുലമായ ജൂബിലി ആഘോഷകമ്മറ്റിക്കു രൂപം നൽകി.
ജൂബിലി കമ്മറ്റിയുടെ പ്രഥമയോഗം ന്യൂയോർക്കിലുള്ള സന്തൂർ ഇന്ത്യൻ റെസ്റ്റോറന്റിൽ വച്ച് നടത്തപ്പെട്ടു. അൻപതു വർഷത്തിനു മുമ്പ് കേരള സമാജത്തിനു ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ച ഡോ. ജോസഫ് ചെറുവേലി മുതൽ പിന്നീട് സാരഥികളായ ചേർന്ന ഒട്ടധികം പേരും കമ്മറ്റികളിൽ സജീവമായി പ്രവർത്തിക്കുന്നു. എഴുപതുകളുടെ ആദ്യപാദത്തിൽ കേരളത്തിനു പുറത്തു വിരലിലെണ്ണാവുന്ന മലയാളി സംഘടനകൾ മാത്രമുണ്ടായിരുന്ന കാലത്തു ന്യൂയോർക്കിൽ മലയാളത്തിനു ഒരു ചെറുതിരി കൊളുത്താനായതും സജീവമായി നിലനിർത്താനായെന്നതും സംഘടനയുടെ മഹത്വം വിളിച്ചോതുന്നു.
മലയാളികളുടെ സാംസ്കാരിക കൂട്ടായ്മയുടെ അമേരിക്കയിലെ അര നൂറ്റാണ്ടിന്റെ ചരിത്രം ഒട്ടനവധി വെല്ലുവിളികളുടെയും പ്രതികൂല സാഹചര്യങ്ങളുടെയും ഒപ്പമായിരുന്നു. തീരെ പരിചയമില്ലാത്ത ഒരു സംസ്കാരത്തിൽ ആകെ പള്ളികളുടെയും അമ്പലങ്ങളുടെയും ചുറ്റും മാത്രം സാംസ്‌കാരിക സായൂജ്യം അടഞ്ഞിരുന്ന കാലത്തു ഒരു മലയാളി സംഘടനക്ക് വളർന്നുവരാൻ പ്രതിബന്ധങ്ങൾ ഏറെയായിരുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിൽ വർദ്ധിച്ച കുടിയേറ്റം കൊണ്ടും, മെച്ചമായ തൊഴിൽ സാധ്യതകളുടെയും പശ്ചാത്തലത്തിൽ, നൂറുകണക്കിനു സാമൂഹ്യ കൂട്ടായ്മകളോടെ മലയാളി അക്ഷരാർത്ഥത്തിൽ കേരളത്തെ അമേരിക്കയിൽ പറിച്ചു നട്ടു. നാട്ടിലെ സാഹചര്യങ്ങളോട് കിടപിടിക്കുന്ന രീതിയിൽ സാഹിത്യവും കലയും സാംസ്‌കാരിക തനിമയും അമേരിക്കൻ മലയാളി സ്വന്തമാക്കി. കേരളത്തിലെ മുൻനിര സാഹിത്യകാരോടും കലാകാരന്മാരോടും ആദരവ് നിലനിറുത്തിയപ്പോൾ തന്നെ അവരോടൊപ്പം ചേർത്തുവെയ്ക്കാനുള്ള ആർജ്ജവും ഈ ഭൂമിൽ നട്ടുവളർത്തി എന്നതാണ് അമേരിക്കൻ മലയാളിയുടെ കരുത്ത്. കേരളത്തെ നെഞ്ചിൽ താലോലിച്ചു കൊണ്ടിരുന്ന അമേരിക്കൻ മലയാളി നാട്ടിലെ എല്ലാ ആവശ്യങ്ങൾക്കും കൈ തുറന്നു, ഒപ്പം നാട്ടിലെ ഓരോ അപചയങ്ങൾക്കും എതിരെ അവർ വിരൽ ചൂണ്ടാനും മടിച്ചില്ല. അൻപതു കൊല്ലം ഒരു സംഘടനക്ക് അമേരിക്കയിൽ സാന്നിധ്യം അടയാളപ്പെടുത്തുന്ന അപൂർവ്വ സായൂജ്യത്തിലാണ് പ്രവർത്തകർ.
സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു സാംസ്‌കാരിക സമ്മേളനം, സെമിനാറുകൾ, മതസൗഹാർദ്ദ സമ്മേളനം, കലാസമ്മേളനം,സ്മരണിക യുവജനസംഗമം, വനിതാസംഗമം എന്നിവയുടെ നടത്തിപ്പിനായി സബ് കമ്മിറ്റികൾ രൂപപ്പെട്ടു പ്രവർത്തനം ആരംഭിച്ചു. പ്രസിഡന്റ് പോൾ പി. ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബോർഡ് ചെയർ ഷാജു സാം, സെക്രട്ടറി മേരി ഫിലിപ്പ്, ട്രെഷറർ ഫിലിപ്പോസ് ജോസഫ് തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
സുവർണ്ണ ജൂബിലി നിറവിൽ കേരള സമാജത്തിന്റെ 2022 പ്രവര്‍ത്തനോത്ഘാടനവും വിഷു ഈസ്റ്റർ ആഘോഷങ്ങളും ഏപ്രിൽ 23 ശനിയാഴ്ച ലോംഗ് ഐലന്റ് ജെറിക്കോയിലുള്ള കൊട്ടിലിയൻ റസ്റ്റോറന്റില്‍ വെച്ച് വൈകുന്നേരം 6 മണിക്ക് നടത്തപ്പെടും. മോസ്റ്റ് റവ. ഫിലിപ്പോസ് മാർ സ്റ്റെഫാനോസ്, പാർത്ഥസാരഥി പിള്ള, ഫാ. നോബി അയ്യനേത്ത് തുടങ്ങിയവർ മുഖ്യാതിഥികളായെത്തും.