കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളജ് ക്യാംപസില്‍ യാത്രയയപ്പ് ദിനത്തില്‍ വിദ്യാര്‍ഥികള്‍ നടത്തിയ റേസിംഗുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു. മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ നടക്കാവ് പോലീസ് ആണ് കേസെടുത്തത്.
പ്ലസ് ടു വിദ്യാര്‍ഥികളാണ് അപകടകരമായ രീതിയില്‍ കാറുകളും ബൈക്കുകളുമായി സ്കൂളിലെത്തി റേസിംഗ് നടത്തിയത്. റേസിംഗിനിടെ കാര്‍ ബൈക്കിലിടിച്ച് അപകടമുണ്ടാകുകയും ചെയ്തിരുന്നു. അമിത വേഗത്തില്‍ വന്ന കാറിടിച്ച് ബൈക്കിനെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. ബൈക്കില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം, മുക്കം കല്ലന്തോട് എംഇഎസ് കോളേജിലും നടന്ന ആഘോഷ പരിപാടികള്‍ അതിരുകടന്നു. ജെസിബി അടക്കമുള്ള വാഹനങ്ങളില്‍ ആയിരുന്നു വിദ്യാര്‍ഥികളുടെ ആഘോഷം. സംഭവത്തില്‍ പത്ത് വിദ്യാര്‍ഥികള്‍ക്കെതിരെ മോട്ടോര്‍വാഹന വകുപ്പ് കേസെടുത്തിരുന്നു. ജെസിബി അടക്കമുള്ള ഒമ്പത് വാഹനങ്ങളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
സംഭവത്തില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് കോഴിക്കോട് ആര്‍ടിഒ പി.ആര്. സുമേഷ് പറഞ്ഞു. അതിരുവിട്ട ആഘോഷം സ്കൂള്‍ മൈതാനത്ത് നടന്നിട്ടും അധികൃതര്‍ ഇടപെട്ടില്ല. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായതെന്നും ആര്‍ടിഒ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനത്തിന് അകത്ത് ഇത്തരം അതിരുവിട്ട ആഘോഷ പരിപാടികള്‍ നിയന്ത്രിക്കാന്‍ അധികൃതര്‍ ഇനിയെങ്കിലും കര്‍ശനമായി ഇടപെടണമെന്നും കോഴിക്കോട് ആര്‍ടിഒ ആവശ്യപ്പെട്ടു.