തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ പൊതുപണിമുടക്കും കാരണമാണ് നാല് ദിവസം ബാങ്കുകളുടെ പ്രവര്‍ത്തനം തടസപ്പെടുന്നത്.
ഈ മാസത്തെ നാലാം ശനിയാഴ്ചയായ നാളെയും ഞായറും കഴിഞ്ഞ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അഖിലേന്ത്യാ പണിമുടക്കുകൂടി എത്തുന്നതോടെയാണ് നാല് ദിവസം അവധിയാകുന്നത്. മാര്‍ച്ച് 30,31 ദിവസങ്ങള്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും സാമ്പത്തിക വര്‍ഷാന്ത്യത്തിന്റെ തിരക്കിലായിരിക്കും. ബാങ്ക് ജീവനക്കാരുടെ ഒന്‍പത് സംഘടനകളില്‍ മൂന്നെണ്ണം സംസ്ഥാനത്ത് പണിമുടക്കുന്നുണ്ട്.
ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി)യുമാണു സമരത്തില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം ജീവനക്കാരും ഈ സംഘടനകളിലെ അംഗങ്ങളാണ്.