കോഴിക്കോട്: ബസ് ചാർജ് വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് ബസ് മുതലാളിമാർ നടത്തുന്ന അനിശ്ചിത കാല ബസ് സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടുക എന്നാവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പേരാമ്പ്ര ആർ. ടി.ഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
വിവിധ ക്ലാസ്സുകളിൽ വാർഷിക പരീക്ഷ ആരംഭിച്ചിരിക്കെ ബസ് മുതലാളിമാർ പ്രഖ്യാപിച്ച സമരം വിദ്യാർത്ഥി ദ്രോഹമാണ്. നിരവധി വിദ്യാർത്ഥികളാണ് കൃത്യ സമയത്ത് പരീക്ഷക്ക് എത്താൻ കഴിയാതെ ബുദ്ദിമുട്ടുന്നത്.പരീക്ഷ കാലത്തെ വിദ്യാർത്ഥി ദ്രോഹം ഒരു നിലക്കും അനുവദിക്കില്ല. ഇത്തരം വലിയ വിദ്യാർത്ഥി ദ്രോഹ നടപടികൾ തുടരുമ്പോഴും സർക്കാറിന്റെ മൗനം പ്രതിഷേധാർഹമാണ്.
സർക്കാർ അടിയന്തിരമായി വിഷയത്തിൽ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടികൾ കൈകൊള്ളണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു.
ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമൽ മാർച്ച് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി മുജാഹിദ് മേപ്പയ്യൂർ, സെക്രട്ടറിയേറ്റംഗം മുബഷിർ ചെറുവണ്ണൂർ എന്നിവർ നേതൃത്വം നൽകി.