കൊച്ചി: അസഭ്യവര്‍ഷം കേള്‍ക്കാതെ പൊതുവഴിലൂടെ അച്ഛനും മകള്‍ക്കും ഒരുമിച്ചു നടന്നു പോകാനാവാത്ത അവസ്ഥ നിര്‍ഭാഗ്യകരമാണെന്നു ഹൈക്കോടതി. മകളുമായി നടന്നു പോകുന്നതിനിടെ മകളോട് മോശമായി സംസാരിച്ചതു ചോദ്യം അച്ഛനെ ഹെല്‍മറ്റ് ഉപയോഗിച്ചു മര്‍ദിച്ച പ്രതിയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പി.ഗോപിനാഥിന്റെ പരാമര്‍ശം.
താന്‍ കുറ്റക്കാരനല്ലെന്നും തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും കാട്ടി പാപ്പനംകോട് സ്വദേശി വി. ഷാജിമോനാണ് ഹൈക്കോടതിയെ സമീപിച്ചത്. ആയുധം കൊണ്ട് താന്‍ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും പരാതിക്കാര്‍ പറയുന്ന തരത്തിലുള്ള പരുക്കുകള്‍ അവര്‍ക്കുണ്ടായിട്ടില്ലെന്നും ഷാജിമോന്‍ വാദിച്ചു. തന്നെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല, ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്തത് നിയമപരമായി നിലനില്‍ക്കില്ല എന്നും ഇയാള്‍ വാദിച്ചു.
എന്നാല്‍, ഹര്‍ജിക്കാരന്‍ മറ്റു പ്രതികളുമായി ചേര്‍ന്ന് പിതാവിനെയും 14 വയസുകാരിയായ മകളെയും ചേര്‍ത്ത് ലൈംഗിക ചുവയുള്ള വാക്കുകളാല്‍ ആക്ഷേപിച്ചെന്ന് പ്രോസിക്യുഷന്‍ ബോധിപ്പിച്ചു. പ്രോസിക്യുഷന്‍ വാദം അംഗീകരിച്ച കോടതി പ്രതിക്ക് മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയില്ലെന്നു വ്യക്തമാക്കിയാണ് ഇയാളുടെ ഹര്‍ജി തീര്‍പ്പാക്കിയത്.
മാര്‍ച്ച് 31ന് മുന്‍പ് ഹര്‍ജിക്കാരന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്നു കോടതി നിര്‍ദേശിച്ചു.