തിരുവനന്തപുരം: സ്വകാര്യ ബസ് പണിമുടക്ക് വരും ദിവസങ്ങളിലും തുടരുമെന്ന് ബസുടമകളുടെ സംഘടന അറിയിച്ചു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് പോലും വിളിക്കുന്നില്ലെന്നും സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ബസുടമകള്‍ വ്യക്തമാക്കി. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പിടിവാശിയില്‍ നിന്നുണ്ടായ സമരമാണിത്. യാത്രാനിരക്ക് വര്‍ധിപ്പിക്കുമെന്ന് പറഞ്ഞ മന്ത്രി വാക്കുപാലിച്ചില്ല. നിരക്ക് വര്‍ധിപ്പിക്കാതെ സമരം അവസാനിക്കില്ലെന്നും ബസുടമകള്‍ വ്യക്തമാക്കി.
മിനിമം നിരക്ക് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നിയിച്ച് വ്യാഴാഴ്ച മുതലാണ് ബസുടമകള്‍ സമരം തുടങ്ങിയത്. തിരുവനന്തപുരം ജില്ലയില്‍ ചില സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയതൊഴിച്ചാല്‍ പണിമുടക്ക് പൂര്‍ണമാണ്.
അതേസമയം, സര്‍ക്കാരിന് പിടിവാശികളൊന്നും ഇല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ബസ് സമരത്തിന് പിന്നിലെ ലക്ഷ്യം മറ്റ് ചിലതാണ്. ചില നേതാക്കളുടെ സ്ഥാപിത താത്പര്യമാണ് സമരത്തിന് കാരണം. സമരം പിന്‍വലിക്കാന്‍ ബസുടമകള്‍ തയാറാകണമെന്നും മന്ത്രി പറഞ്ഞു.മന്ത്രിയുടെ പിടിവാശികൊണ്ടാണ് പണിമുടക്കിലേക്ക് പോകേണ്ടി വന്നതെന്ന ബസുടമകളുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ബസ് പണിമുടക്ക് ഗ്രാമീണ മേഖലയെ കാര്യമായി തന്നെ ബാധിച്ചിരുന്നു. കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തിയെങ്കിലും യാത്രാക്ലേശം മാറിയില്ല. വലിയ തിരക്കാണ് സംസ്ഥാനത്തുടനീളം കെഎസ്ആര്‍ടിസി ബസുകളില്‍ അനുഭവപ്പെട്ടത്.