സൗത്ത് കരോലിന: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരെ ഫയറിംഗ് സ്ക്വാഡിലൂടെ വധിക്കുന്നത് പുനരാരംഭിച്ചതിന് സൗത്ത് കരോലിനയിലെ ജുഡീഷ്യറി ഉദ്യോഗസ്ഥരെ സാമൂഹിക നീതി വക്താക്കൾ ആക്ഷേപിച്ചു,
ഈ രീതി അങ്ങെയറ്റം “മൃഗീയവും ക്രൂരവുമാണെന്നും” അവര്‍ വിലയിരുത്തി.
സൗത്ത് കരോലിന ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻസ് (എസ്‌സിഡിസി) അതിന്റെ എക്‌സിക്യൂഷൻ ചേമ്പറിന്റെ നവീകരണം പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചു. ഇനി മുതല്‍ മൂന്ന് റൈഫിൾമാൻമാരുടെ ഒരു ഫയറിംഗ് സ്ക്വാഡിന്
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ നേരിട്ട് വെടിവച്ച് കൊല്ലാൻ കഴിയും.
ഫയറിംഗ് സ്ക്വാഡിലൂടെ തടവുകാരെ “ക്രൂരമായ” വധശിക്ഷക്ക് വിധേയരാക്കുന്ന രീതി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ ജസ്റ്റിസ് അഡ്വക്കസി ഗ്രൂപ്പായ ജസ്റ്റിസ് 360 ഞായറാഴ്ച കേസ് ഫയൽ ചെയ്തു.
“തടവുകാരനെ കസേരയിൽ ബന്ധിച്ച് തലയിൽ ഒരു ഹുഡ് സ്ഥാപിക്കും. എക്സിക്യൂഷൻ ടീമിലെ ഒരു അംഗം ഹൃദയത്തിന് മുകളിലായി ഒരു ചെറിയ ലക്ഷ്യസ്ഥാനം മാര്‍ക്ക് ചെയ്യും. വാർഡൻ എക്സിക്യൂഷൻ ഓർഡർ വായിച്ചതിനുശേഷം, ടീം ലക്ഷ്യ സ്ഥാനത്ത് വെടിവയ്ക്കും. അതിനുശേഷം ഒരു ഡോക്ടർ അന്തേവാസിയെ പരിശോധിക്കും,”എസ്‌സിഡിസിയുടെ പ്രസ്താവനയിൽ പറഞ്ഞു. എന്നാല്‍, അന്തേവാസിക്ക് അവസാന പ്രസ്താവന നടത്താൻ അവസരം നൽകുമെന്നും പ്രസ്താവനയിൽ പറയുന്നു.
മാരകമായ കുത്തിവയ്പ്പ് മരുന്നുകൾ കണ്ടെത്താൻ സമീപ വർഷങ്ങളിൽ ബുദ്ധിമുട്ട് നേരിട്ടതിനുശേഷമാണ് 2021 മെയ് മാസത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ വധിക്കാൻ ഫയറിംഗ് സ്ക്വാഡിന്റെ ഉപയോഗം പുനരാരംഭിക്കാൻ സൗത്ത് കരോലിന അംഗീകാരം നൽകിയത്. വൈദ്യുതക്കസേരയിലെ വധശിക്ഷകൾ മുൻകാലങ്ങളിൽ സങ്കീർണതകള്‍ നിറഞ്ഞതായിരുന്നു എന്ന് അധികൃതര്‍ പറയുന്നു.
ഫയറിംഗ് സ്ക്വാഡാണ് ഏറ്റവും വേഗമേറിയതും വേദന കുറഞ്ഞതുമായ മരണത്തിനുള്ള മാർഗമെന്ന് അധികാരികൾ അവകാശപ്പെടുന്നു.
എന്നാല്‍, ഒരു തടവുകാരൻ ഫയറിംഗ് സ്ക്വാഡ് ഉപയോഗിച്ച് വധിക്കാൻ വിസമ്മതിക്കുകയാണെങ്കിൽ, ഒന്നുകിൽ മാരകമായ മരുന്നുകൾ കുത്തിവെച്ചോ അല്ലെങ്കിൽ ഇലക്ട്രിക് കസേര ഉപയോഗിച്ച് വധിക്കുകയോ ചെയ്യാം.
തടവുകാരായ ഫ്രെഡി ഓവൻസിന്റെയും ബ്രാഡ് സിഗ്മോന്റെയും പോലെ മയക്കുമരുന്ന് വാങ്ങുന്നതിൽ എസ്‌സിഡിസി പരാജയപ്പെട്ടാൽ, “ഭയാനകമാംവിധം പിഴച്ച വധശിക്ഷകളുടെ റെക്കോർഡിട്ട, സംസ്ഥാനത്തിന്റെ 100 വർഷത്തിലേറെ പഴക്കമുള്ള വൈദ്യുതക്കസേര ഉപയോഗിച്ച് വൈദ്യുതാഘാതമേൽപ്പിക്കൽ മാത്രമാണ് ശേഷിക്കുന്നത്, ” ജസ്റ്റിസ് 360 ന്റെ ഡയറക്ടർ ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.
സൗത്ത് കരോലിന 2011 മുതൽ വധശിക്ഷ നടപ്പാക്കിയിട്ടില്ല. കാരണം, മാരകമായ കുത്തിവയ്പ്പ് മരുന്നുകൾ സുരക്ഷിതമാക്കാനും വേഗത്തിൽ ഉപയോഗിക്കാനും അവര്‍ക്ക് കഴിഞ്ഞിട്ടില്ല. രഹസ്യസ്വഭാവ പ്രശ്‌നങ്ങൾ കാരണം പല മരുന്ന് കമ്പനികളും സൗത്ത് കരോലിനയിലേക്ക് മാരകമായ കുത്തിവയ്പ്പ് വിഷങ്ങൾ വിൽക്കുന്നത് നിർത്തി.
മുപ്പത്തിയഞ്ച് പേരാണ് സൗത്ത് കരോലിനയില്‍ മരണശിക്ഷ കാത്തു കഴിയുന്നത്.
മിസിസിപ്പി, ഒക്ലഹോമ, യൂട്ട എന്നിവയ്‌ക്കൊപ്പം സൗത്ത് കരോലിനയും ഫയറിംഗ് സ്ക്വാഡുകൾ ഉപയോഗിക്കുന്നതിന് അനുകൂലമായ നാല് സംസ്ഥാനങ്ങളാണ്.