വാഷിംഗ്ടണ്‍: ഉക്രൈൻ ആക്രമണത്തിൽ റഷ്യക്കെതിരെ ഇന്ത്യയുടെ നിലപാടില്‍ വീണ്ടും വിമര്‍ശനം ഉയരുന്നു. ഉക്രൈനെ ആക്രമിച്ചതിന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ ഇന്ത്യ അപലപിക്കണമെന്നാണ് യു എസ് കോണ്‍ഗ്രസ്മാന്‍ ഇന്ത്യൻ വംശജനായ റോ ഖന്ന പറയുന്നത്. റഷ്യയിൽ നിന്നോ ചൈനയിൽ നിന്നോ ഇന്ത്യ എണ്ണ വാങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് പ്രതിനിധി സഭയിൽ സിലിക്കൺ വാലിയെ പ്രതിനിധീകരിക്കുന്ന ഖന്ന, ഇന്ത്യക്ക് തങ്ങളുടെ ഭാഗം തിരഞ്ഞെടുക്കാനുള്ള സമയമാണിതെന്ന് പറഞ്ഞു. “ഞാൻ ഇന്ത്യയെക്കുറിച്ച് പറയുന്നത് ശരിക്കും വ്യക്തമാണ്. ഇന്ത്യ പുടിനെ അപലപിക്കണമെന്നാണ് എന്റെ അഭിപ്രായം. തന്നെയുമല്ല, ഇന്ത്യ റഷ്യയിൽ നിന്നോ ചൈനയിൽ നിന്നോ എണ്ണ വാങ്ങരുത്. പുടിനെ ഒറ്റപ്പെടുത്താൻ ലോകത്തെ ഒന്നിപ്പിക്കാന്‍ അത് ചെയ്യണം,” അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്ക് അമേരിക്കയിൽ നിന്ന് ആയുധങ്ങൾ വാങ്ങാനുള്ള സമയമായി
“ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ അമേരിക്ക ഇന്ത്യയ്‌ക്കൊപ്പമായിരുന്നു, പുടിൻ സഹകരിച്ചില്ല. അവർക്ക് അമേരിക്കയിൽ നിന്ന് ആയുധങ്ങൾ വാങ്ങാനുള്ള സമയമാണിത്, റഷ്യയിൽ നിന്നല്ല. ചൈനയെ നിയന്ത്രിക്കാൻ ഞങ്ങൾക്ക് ഇന്ത്യയെ ഒരു സഖ്യകക്ഷിയായി ആവശ്യമുണ്ട്,” ഖന്ന പറഞ്ഞു.