ഡാളസ്: കേരള ലിറ്റററി സൊസൈറ്റി എന്ന ഡാളസിലെ പ്രവാസി എഴുത്തുകാരുടെ സംഘടനയ്ക്കു 2022ൽ മുപ്പതു വയസ്സ്. പിറന്നുവീണ നാട്ടിൽ നിന്നും ഏഴുകടലുകൾക്കിപ്പുറത്ത് അമേരിക്കയെന്ന സ്വപ്നഭൂമിയിൽ പറിച്ചു നടപ്പെട്ട മലയാളി സമൂഹത്തിൽ നിന്നും മലയാണ്മയോടുള്ള സ്മരണയും മാതൃഭാഷയോടും ഉള്ള സ്നേഹവും മനസ്സിലുള്ള ഏതാനും മഹദ് വ്യക്തികൾ അടിസ്ഥാനശില പാകിയ ഈ സംഘടയുടെ പുതിയ പ്രസിഡന്റായി മാർച്ച് 26 ശനിയാഴ്ച കേരള അസ്സോസ്സിയേഷൻ ഹാളിൽ നടന്ന സമ്മേളനത്തിൽ വച്ചു ശ്രീമതി അനുപാ സാം ചുമതലയേറ്റു. ശക്തമായ വനിതാ പ്രാതിനിധ്യമുള്ള പുതിയ പ്രവർത്തക സമിതിയിലെ സെക്രട്ടറി ശ്രീമതി മീനു എലിസബത്തും, ജോയിന്റ് സെക്രട്ടറി ശ്രീമതി എം പി ഷീലയുമാണ്. ഷാജു ജോൺ ട്രഷറാറായും സിജു വി. ജോർജ്ജ് വൈസ് പ്രസിഡന്റായും, സി. വി ജോർജ്ജ് ജോയിന്റ് ട്രഷറാറായും അടുത്ത രണ്ടു വർഷം പ്രവർത്തിക്കും. പുതിയ തലമുറയിലെ എഴുത്തുകാരുടെ സാന്നിദ്ധ്യസഹകരണങ്ങൾ ഉറപ്പു വരുത്തി മുൻപോട്ടു പോകുവാൻ ഈ സംഘടന ശ്രമിക്കുമെന്നു നവ നേതൃത്വം അറിയിച്ചു. കൂടാതെ പ്രായഭേദമന്യെ ഡാളസ്സിലെ എല്ലാ സാഹിത്യകുതുകികളെയും ഇംഗ്ലീഷ്, മലയാളം എഴുത്തുകാരെയും കെ എൽ എസ് അംഗങ്ങളാകാൻ കെ എൽ എസ് പ്രവർത്തകസമിതി സ്വാഗതം ചെയ്യുന്നുവെന്നും പറയുകയുണ്ടായി.
2020-2021 വർഷങ്ങളിലെ പ്രസിഡൻറ് സിജു വി ജോർജിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകസമിതി ചാരിതാർത്ഥ്യത്തോടെ അരങ്ങൊഴിയുമ്പോൾ കോവിഡ് മഹാമാരി പൊതുവെ സംഘടനാ പ്രസ്ഥാനങ്ങളെ തളർത്തി ഉറക്കിയ ഈ കാലയളവിൽ സൂം മാധ്യമത്തിലൂടെ എല്ലാ മാസവും സാഹിത്യ പരിപാടികൾ ഉണർവ്വോടെ സംഘടിപ്പിക്കാൻസാധിച്ചു വെന്നു സ്ഥാനം ഒഴിഞ്ഞ പ്രവർത്തക സമതി ശുഭപ്രതീക്ഷ പങ്കു വെച്ചു. കെ എൽ എസി നെ കൂടുതൽ ശക്തിപ്പെടുത്താൻ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.