തിരുവനന്തപുരം: വിവിധ തൊഴിയാളി യൂണിയനുകള്‍ പ്രഖ്യാപിച്ച രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് മാത്രം. മറ്റ് സംസ്ഥാനങ്ങളില്‍ ജനജീവിതം സാധാരണ നിലയിലാണ്. പശ്ചിമ ബംഗാളില്‍ മാത്രം ട്രെയിനുകള്‍ തടയാന്‍ ശ്രമം നടന്നു.
കേരളത്തില്‍ പൊതുഗതാഗതവും വ്യാപാര മേഖലയും പൂര്‍ണമായും സതംഭിച്ചു. ഗതാഗതമന്ത്രി ഉത്തരവിട്ടിട്ടും കെ.എസ്.ആര്.ടി.സി സര്‍വീസ് നടത്തിയില്ല. സ്വകാര്യ വാഹനങ്ങളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങിയവരെയും തടഞ്ഞു. പലയിടത്തും വാഹനങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായി.
പണിമുടക്ക് കോടതി ഉത്തരവിലൂടെ നിേരാധിച്ച ബിപിസിഎല്ലിലേക്ക് ജീവനക്കാര്‍ വന്ന വാഹനം തടഞ്ഞു. കൊച്ചി ഫാക്ടിലും പാലക്കാട് കിന്‍ഫ്ര പാര്‍ക്കിലും വാഹനങ്ങള്‍ തടഞ്ഞു. ജീവനക്കാരുമായി പോയ കിറ്റെക്സിന്റെ വാഹനം അമ്പലമുക്കില്‍ തടഞ്ഞു. കാസര്‍കോട് ദേശീയപാതയില്‍ സ്വകാര്യ വാഹനങ്ങളടക്കം സമരാനുകൂലികള്‍ തടഞ്ഞു. വാഹനങ്ങളുടെ താക്കോല്‍ ഊരിയെടുത്തു. പോലീസ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചു. ദേശീയപാത-സംസ്ഥാന ഉപരോധിച്ച് ടൗണ്‍ ചുറ്റി സമരാനുകൂലികള്‍ പ്രകടനം നടത്തി. വാഹനങ്ങള്‍ തടഞ്ഞതോടെ യാത്രക്കാര്‍ സമരക്കാരുമായി വാക്കുതര്‍ക്കമുണ്ടായി. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി. പോലീസും സംഘടനാ നേതാക്കളും എത്തി പ്രവര്‍ത്തകരെ പിടിച്ചുമാറ്റി.
പഴയ ബസ് സ്റ്റാന്‍ഡിനു സമീപമുള്ള പോസ്റ്റ് ഓഫീസ് അടയ്ക്കാനും സമരാനുകൂലികള്‍ നിര്‍ദേശം നല്കി. ഇതോടെ ഓഫീസ് അടയ്ക്കുമെന്നും പൊതുജനത്തിന് പ്രവേശനമില്ലെന്നും പോസ്റ്റ് ഓഫീസ് അധികാരികള്‍ അറിയിച്ചു.തൃശൂര്‍ സ്വരാജ് റൗണ്ടിലും വയനാട് കമ്പളക്കാടും വാഹനങ്ങള്‍ തടഞ്ഞു.
കോടതി ഉത്തരവോടെ കൊച്ചി പള്ളിക്കരയില്‍ ഹോട്ടലുകളും കടകളും തുറന്നു. ആലപ്പുഴയില്‍ ടൂറിസം മേഖലയില്‍ പണിമുടക്ക് ബാധിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചുവെങ്കിലും സഞ്ചാരികള്‍ എത്തിയ വാഹനങ്ങള്‍ സമരാനുകൂലികള്‍ തടഞ്ഞത് ഹൗസ് ബോട്ട് സര്‍വീസിനെ ബാധിച്ചു. സഞ്ചാരികള്‍ക്ക് വരാനോ തിരിച്ചുപോകാനോ വാഹനങ്ങള്‍ ലഭിക്കാതെ വന്നിട്ടുണ്ടെന്ന്് ബോട്ടുടമകള്‍ പറഞ്ഞു.
തിരുവനന്തപുരം കാട്ടാക്കടയില്‍ സമരാനുകൂലികളും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. പ്രധാനറോഡിന് നടുവില്‍ സമരാനുകൂലികള്‍ കസേര നിരത്തി റോഡ് ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് ഇതുവഴിയെത്തിയ വാഹനങ്ങളും സമരക്കാര്‍ തടഞ്ഞു. ഇതിനിടെ പണിമുടക്ക് സമരമാക്കി മാറ്റാന്‍ സമരക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ സമരക്കാരരുമായി വാക്കേറ്റമുണ്ടായി. ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായതായാണ് സൂചന.
ജഡ്ജി സഞ്ചരിച്ച വാഹനവും സമരക്കാര്‍ തടഞ്ഞു. അദ്ദേഹം ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ട്. പ്രദേശത്ത് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.
കോഴിക്കോട് സമരാനുകൂലികള്‍ മര്‍ദിച്ചെന്നും സഞ്ചരിച്ച ഓട്ടോറിക്ഷ തകര്‍ത്തെന്നും ആരോപിച്ച് പാലക്കാട് ഗോവിന്ദാപുരം സ്വദേശികള്‍ കസബ പോലീസ് സ്റ്റേഷനില്‍. ഷിബിജിത്ത് എന്നയാളും ഭാര്യയും കുട്ടികളും സഞ്ചരിച്ച വാഹനമാണ് സമരക്കാര്‍ തടഞ്ഞത്. ഇവരെ മര്‍ദിക്കുകയും വാഹനത്തിന്റെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തു. സമരക്കാരുടെ കൂടെയുണ്ടായിരുന്ന സ്ത്രീകള്‍ റോഡിലേക്ക് തള്ളിയിട്ടെന്ന് ഷിബിജിത്തിന്റെ ഭാര്യ പറഞ്ഞു.
ഉപജീവനത്തിനായി ലോണെടുത്ത് വാങ്ങിയ ഓട്ടോയാണ് സമരക്കാര്‍ തകര്‍ത്തതെന്ന് ഇവര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാനാണ് ഇവരുടെ തീരുമാനം.