തിരുവനന്തപുരം: ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർ നാളെയും പണിമുടക്കുമെന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി രാജേന്ദ്രൻ. കോടതികൾ കേന്ദ്ര സർക്കാരിനെ വിമർശിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമരത്തിൽ സർക്കാർ ഉദ്യോഗസ്ഥരെ പങ്കെടുപ്പിക്കരുതെന്ന് കോടതി പറഞ്ഞതിന് പിന്നാലെയാണ് രാജേന്ദ്രന്റെ പ്രതികരണം.
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നാളെയും സമരം തുടരും. ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീലിൽ ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് എഐടിയുസി അറിയിച്ചു.
സംസ്ഥാനത്ത് സർക്കാർ ജീവനക്കാരെ പണിമുടക്കിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. സർക്കാർ ജീവനക്കാരുടെ പണിമുടക്കിന് ഡയസ്നോണ്‍ പ്രഖ്യാപിക്കാത്തതിനെതിരെ തിരുവനന്തപുരത്തെ അഭിഭാഷകൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.