തമിഴ് നാട്ടില്‍ 3,500 കോടി രൂപ നിക്ഷേപിക്കാന്‍ ലുലു ഗ്രൂപ്പ്

അബുദാബി: ഇന്ത്യയിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് തമിഴ് നാട്ടില്‍ 3,500 കോടി രൂപ മുതല്‍ മുടക്കുന്നു. ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇയിലുള്ള തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അബുദാബി ചേംബര്‍ ആസ്ഥാനത്തെ വെച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം.എ. യൂസഫലിയുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി.

ഷോപ്പിംഗ് മാള്‍, ഭക്ഷ്യ സംസ്‌കരണ കേന്ദ്രം എന്നിവ ആരംഭിക്കുന്നതിനുള്ള ധാരണാ പത്രത്തില്‍ ലുലു ഗ്രൂപ്പും സംസ്ഥാന സര്‍ക്കാരും ഒപ്പ് വെച്ചു. തമിഴ് നാടിനെ പ്രതിനിധീകരിച്ച് വ്യവസായ വികസന വകുപ്പ് പ്രോമോഷന്‍ ബ്യൂറോ മാനേജിംഗ് ഡയറക്ടര്‍ പൂജ കുല്‍ക്കര്‍ണിയും, ലുലു ഗ്രൂപ്പിനെ പ്രതിനിധികരിച്ച് ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്‌റഫ് അലിയുമാണ് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍, വ്യവസായ മന്ത്രി തങ്കം തെന്നരശ്, എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തില്‍ ധാരണാ പത്രത്തില്‍ ഒപ്പ് വെച്ചത്.

നിക്ഷേപവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരുമായി ധാരണയിലെത്തിയതില്‍ സന്തോഷമുണ്ടെന്ന് എം.എ.യൂസഫലി പറഞ്ഞു. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് നിക്ഷേപര്‍ക്ക് നല്‍കുന്നത്. മാളുകള്‍ക്കും ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കും പുറമെ, മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കായി കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിക്കാനും സംസ്‌കരിക്കാനും ലുലു ഗ്രൂപ്പ് ഭക്ഷ്യ സംസ്‌കരണ, ലോജിസ്റ്റിക്‌സ് കേന്ദ്രം സ്ഥാപിക്കും. പദ്ധതിയുടെ തുടര്‍ ചര്‍ച്ചകള്‍ക്കായി ലുലു ഗ്രൂപ്പിന്റെ ഉന്നതതല സംഘം അടുത്തു തന്നെ തമിഴ് നാട് സന്ദര്‍ശിക്കുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

കോയമ്പത്തൂര്‍, സേലം, മധുര, തിരുച്ചിറപ്പള്ളി തുടങ്ങിയ നഗരങ്ങളിലും പ്രവര്‍ത്തനം വ്യാപിപ്പിക്കും. ലുലു ഗ്രൂപ്പിന്റെ തമിഴ് നാട്ടിലെ ആദ്യത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് ഈ വര്‍ഷാവസാനം കോയമ്പത്തുരില്‍ ആരംഭിക്കുമെന്നും യൂസഫലി പറഞ്ഞു

അബുദാബി ചേംബര്‍ ഡയറക്ടര്‍മാരായ അലി ബിന്‍ ഹര്‍മല്‍ അല്‍ ദാഹിരി, മസൂദ് അല്‍ മസൂദ്, ലുലു ഗ്രൂപ്പ് സി.ഇ.ഒ. സൈഫി രൂപാവാല, ലുലു ഗ്രൂപ്പ് ഇന്ത്യ ഒമാന്‍ ഡയറക്ടര്‍ ഏ.വി. ആനന്ദ് റാം എന്നിവരും സംബന്ധിച്ചു.

ഇന്ത്യയില്‍ ലുലുവിന് കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു എന്നിവിടങ്ങളിലായി മൂന്ന് ഷോപ്പിംഗ് മാളുകള്‍ ഉണ്ട്. രാജ്യത്തെ നാലാമത്തെ മാള്‍ ഈ വര്‍ഷം മെയ് അവസാനത്തോടെ ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ തുറക്കാനാണ് പ്രതീക്ഷിക്കുന്നത്.

അനില്‍ സി ഇടിക്കുള

 

Print Friendly, PDF & Email

Leave a Comment

More News