പ്രശസ്ത നർത്തകി മന്‍സിയക്ക് കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്ത പരിപാടി നടത്താൻ അനുമതി നിഷേധിച്ചു

തൃശൂർ: ഇരിങ്ങാലക്കുടയിലെ പ്രശസ്തമായ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അഹിന്ദു ആണെന്ന് പറഞ്ഞ് മുസ്ലിം യുവതിയായ നർത്തകിക്ക് തിങ്കളാഴ്ച അനുമതി നിഷേധിച്ചു.

ഭരതനാട്യം നർത്തകിയും ശാസ്ത്രീയ നൃത്തത്തിൽ പിഎച്ച്‌ഡി ഗവേഷകയുമായ നർത്തകി മൻസിയയെയാണ് പ്രോഗ്രാം നോട്ടീസിൽ തന്റെ പേര് അച്ചടിച്ചിട്ടും ക്ഷേത്രം അധികൃതർ നൃത്തം അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചത്.

അഹിന്ദുവിന് അകത്ത് പ്രവേശിക്കാൻ ക്ഷേത്ര പാരമ്പര്യം അനുവദിക്കാത്തതിനാലാണ് അനുമതി നിഷേധിച്ചതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.

ഏപ്രിൽ 15 മുതൽ 25 വരെ ക്ഷേത്രം സംഘടിപ്പിക്കുന്ന 10 ദിവസത്തെ നാഷണൽ ഫെസ്റ്റിവൽ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്കിൽ പരിപാടിയില്‍ മുസ്ലീം യുവതിയായ മൻസിയ നൃത്തം അവതരിപ്പിക്കേണ്ടതായിരുന്നു. ഫെസ്റ്റിൽ 800 ഓളം കലാകാരന്മാരാണ് ഈ ഫെസ്റ്റില്‍ പങ്കെടുക്കുന്നത്.

“സംഘാടകർ എന്നെ ഫോണിൽ വിളിച്ച് എനിക്ക് പരിപാടി അവതരിപ്പിക്കാൻ കഴിയില്ലെന്ന് പറഞ്ഞു. കാരണം ചോദിച്ചപ്പോൾ അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ലെന്നാണ് അവർ പറഞ്ഞത്. ദേശീയ നൃത്തോത്സവമാണെന്ന് ഞാൻ പറഞ്ഞു. ഞാനൊരു മനുഷ്യനാണെന്നും പറഞ്ഞു,” മൻസിയ മാധ്യമങ്ങളോട് പറഞ്ഞു.

“ഞാൻ മുസ്ലീമായി ജനിച്ചിട്ടും ഒരു മതവും പിന്തുടരുന്നില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. ഒരു വിവാഹം കഴിച്ചതിനാൽ ഞാൻ ഹിന്ദുമതം സ്വീകരിച്ചോ എന്ന് ഉദ്യോഗസ്ഥൻ ചോദിച്ചു. എനിക്ക് പരിവർത്തനം ചെയ്യാൻ ഒരു മതവുമില്ലെന്ന് ഞാൻ അവരോട് പറഞ്ഞു, ” മന്‍സിയ പറഞ്ഞു.

ഏപ്രിൽ 21ന് വൈകീട്ട് നാലു മുതൽ അഞ്ച് വരെയെന്ന് നേരത്തെ അറിയിച്ച പരിപാടിയാണ് നടത്താൻ സാധിക്കില്ലെന്ന് ക്ഷേത്രഭാരവാഹികളിൽ ഒരാൾ വിളിച്ചറിയിച്ചതെന്ന് ഇവർ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് ഗുരുവായൂർ ഉത്സവത്തിനോട് അനുബന്ധിച്ച് ലഭിച്ച അവസരവും ഇതേ കാരണത്താൽ നിഷേധിച്ചിരുന്നുവെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മൻസിയയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള ‘നൃത്തോൽസവത്തിൽ’ ഏപ്രിൽ 21 വൈകീട്ട് 4 മുതൽ 5 വരെ ചാർട്ട് ചെയ്ത എന്റെ പരിപാടി നടത്താൻ സാധിക്കില്ല എന്ന വിവരം പറഞ്ഞുകൊണ്ട് ക്ഷേത്രഭാരവാഹികളിൽ ഒരാൾ എന്നെ വിളിച്ചു. അഹിന്ദു ആയതു കാരണം അവിടെ കളിക്കാൻ സാധിക്കില്ലത്രേ. നല്ല നർത്തകി ആണോ എന്നല്ല മതത്തിന്റെ അടിസ്ഥാനത്തിൽ ആണ് എല്ലാ വേദികളും. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് മാറിയോ എന്നൊരു ചോദ്യവും വന്നു കേട്ടോ. ഒരു മതവുമില്ലാത്ത ഞാൻ എങ്ങോട്ട് മതം മാറാൻ.

ഇത് പുതിയ അനുഭവം ഒന്നുമല്ല. വർഷങ്ങൾക്ക് മുൻപ് ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ച് എനിക്ക് തന്ന അവസരവും ഇതേ കാരണത്താൽ ക്യാൻസൽ ആയി പോയിരുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.മതേതര കേരളം? ഇതിലും വലിയ മാറ്റിനിർത്തൽ അനുഭവിച്ചു വന്നതാണ്. ഇതെന്നെ സംബന്ധിച്ച് ഒന്നുമല്ല. ഇവിടെ കുറിക്കുന്നത് കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓർക്കാൻ വേണ്ടി മാത്രം.

https://www.facebook.com/permalink.php?story_fbid=3206704576316982&id=100009324138716

Print Friendly, PDF & Email

Leave a Comment

More News