തിരുവനന്തപുരം: ജനം ടിവി എം.ഡിയും സി.ഇ.ഒയുമായ ജി.കെ പിള്ള (71) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്താലാണ് മരണം. മാനേജ്മെന്റ് വിദഗ്ധനും സാമൂഹിക പ്രവര്‍ത്തകനുമായ ജികെ പിള്ള ആര്‍എസ്എസ് പാലക്കാട് നഗര്‍ സംഘചാലക്, സേവാഭാരതി പാലക്കാട് ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു.
1973-ല്‍ പിലാനിയിലെ ബിറ്റ്‌സ് ബിരുദം നേടിയ ജി.കെ. പിള്ള, പൊതുമേഖലയിലും സ്വകാര്യമേഖലയിലും നേതൃത്വപരമായ സ്ഥാനങ്ങളില്‍ മാനുഫാക്ചറിംഗ് മേഖലയില്‍ 47 വര്‍ഷത്തിലേറെ പ്രൊഫഷണല്‍ അനുഭവസമ്പത്തുള്ള വ്യക്തിയായിരുന്നു. വാല്‍ചന്ദ്‌നഗര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയും ആയിരുന്നു. 2020 മാര്‍ച്ചില്‍ വിരമിച്ച ശേഷം, ഇപ്പോള്‍ വാല്‍ചന്ദ്‌നഗര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറും ഉപദേശകനുമാണ്
. ഇന്ത്യയിലെ ഏറ്റവും വലിയ എഞ്ചിനീയറിംഗ് പൊതുമേഖലാ കമ്പനികളായ ഹെവി എഞ്ചിനീയറിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് റാഞ്ചി, എച്ച്എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡ് ബാംഗ്ലൂര്‍ എന്നിവയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ആയിരുന്നു.
യുഎസ് സംയുക്ത സംരംഭമായ ഫിഷര്‍ സാന്‍മാര്‍ ലിമിറ്റഡിന്റെ ചെന്നൈയിലെ ചീഫ് എക്‌സിക്യൂട്ടീവായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രി അക്കാദമിയ സഹകരണത്തിന്റെ ശക്തമായ വക്താവായ അദ്ദേഹം രാജ്യത്തിന്റെ ‘ആത്മനിര്‍ഭര്‍ ഭാരത്’ അഭിയാനില്‍ ഒരു പ്രധാന പങ്ക് വഹിച്ച് വരികയായിരുന്നു
ദേശീയ അന്തര്‍ദേശീയ ഫോറങ്ങളില്‍ ധാരാളം അവാര്‍ഡുകള്‍ നേടിയിട്ടുള്ള പിള്ള ദേശീയ തലത്തിലുള്ള ഹോക്കി കളിക്കാരനുമായിരുന്നു.