ന്യൂജേഴ്സി : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി മെയ് 14 നു മാതൃ ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.
ഓരോ മനുഷ്യന്റെയും വഴികാട്ടിയും, ആശ്രയവുമാണ് മാതാവ്. അമ്മയെ സ്നേഹിക്കുകയും പരിചരിക്കുകയും, ആദരിക്കുകയും, അവരുടെ ജീവിതകാലം കൂടെ ചേർത്ത് നിർത്തുകയും ഓരോ മനുഷ്യന്റെയും കടമയും ദൗത്യവുമാണ്. അളവുകളില്ലാത്ത, അതിരുകളില്ലാത്ത സ്നേഹത്തിന്റെ,കരുതലിന്റെ ആദ്യത്തെയും അവസാനത്തെയും വാക്കാണ് അമ്മ. അമ്മമാരെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവർക്കായി 1905 ല് അമ്മ മരിച്ചതിനെ തുടര്ന്ന് അന്ന റീവെസ് ജാര്വിസ് തുടക്കമിട്ട മാതൃദിനം മുൻപെന്നത്തെക്കാളും പ്രത്യേകതയും പ്രാധാന്യവും അർഹിക്കുന്നു. കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയും അമ്മമാർക്കായി പ്രത്യേക കലാവിരുന്നും, സംഗീത മേളയും, ഫാഷൻ പ്രദര്ശനവുമൊക്കെയായി മെയ് പതിനാലിന് ഒത്തുകൂടുന്നു. ന്യൂ ജേഴ്സി റോസെൽ പാർക്കിലുള്ള കാസ ഡെൽ റെ എന്ന പ്രശസ്തമായ ബാങ്ക്വറ്റ് ഹാളിൽ വച്ചാണ് ആഘോഷങ്ങൾ നടത്തപ്പെടുന്നത്.
വിവിധ സംഘങ്ങൾ ഒരുക്കുന്ന നൃത്ത നൃത്യങ്ങൾ, പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഗാനമേള തുടങ്ങി വിവിധ കലാപരിപാടികൾ മാതൃദിനാഘോഷത്തിന്റെ ഭാഗമായി ഉണ്ടാകും, ഏവരെയും കാൻജ് മദേഴ്സ് ഡേ ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോസഫ് ഇടിക്കുള, സെക്രട്ടറി സോഫിയ മാത്യു, ട്രഷറർ ബിജു ഈട്ടുങ്ങൽ, വൈസ് പ്രസിഡന്റ് വിജേഷ് കാരാട്ട്, ജോയിന്റ് സെക്രട്ടറി വിജയ് കെ പുത്തൻവീട്ടിൽ, ജോയിന്റ് ട്രഷറർ നിർമൽ മുകുന്ദൻ, സലിം മുഹമ്മദ് (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ), റോബർട്ട് ആന്റണി ( ചാരിറ്റി അഫയേഴ്സ്), ഷിജോ തോമസ് (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്), ബെവൻ റോയ് ( യൂത്ത് അഫയേഴ്സ്),എക്സ് ഒഫീഷ്യൽ ജോൺ ജോർജ് തുടങ്ങിയവർ അറിയിച്ചു.
വിശദമായ വിവരങ്ങൾക്കും ഏർലി ബേർഡ് സ്പെഷ്യൽ എൻട്രി ടിക്കറ്റുകൾക്കും ദയവായി കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് KANJ.ORG സന്ദർശിക്കണമെന്ന് ട്രഷറർ ബിജു ഈട്ടുങ്ങൽ, ജോയിന്റ് ട്രഷറർ നിർമൽ മുകുന്ദൻ എന്നിവർ അറിയിച്ചു.